'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ മാലിക് കേസിൽ സുപ്രിംകോടതി
ന്യൂഡൽഹി: ജെകെഎൽഎഫ് നേതാവ് യാസീൻ മാലികിന് താൻ പ്രതിയായ കേസിൽ
വിചാരണയ്ക്കായി തിഹാർ ജയിലിൽ കോടതി മുറി സജ്ജീകരിക്കാവുന്നതാണെന്ന് സുപ്രിംകോടതി. അജ്മൽ കസബിനു പോലും നമ്മുടെ രാജ്യത്ത് നീതിപൂർവമായ വിചാരണ അനുവദിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതിയുടെ അഭിപ്രായപ്രകടനം. ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഭീകര പ്രവർത്തനത്തിന് ഫണ്ട് നൽകിയെന്ന കേസിൽ പ്രത്യേക എൻഐഎ കോടതിയുടെ 2023 മെയിലെ വിധി പ്രകാരം തിഹാർ ജയിലിൽ ജീവപര്യന്തം തടവനുഭവിക്കുകയാണ് യാസീൻ മാലിക്. ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാവായിരുന്ന മുഫ്തി മുഹമ്മദ് സഈദിൻ്റെ മകൾ റുബയ്യ സഈദിനെ ശ്രീനഗറിലെ ഒരു ആശുപത്രിയിൽനിന്ന് 1989 ഡിസംബർ 8ന് തട്ടിക്കൊണ്ടു പോയെന്ന കേസിൽ 1990കളുടെ ആദ്യത്തിൽ യാസീൻ പ്രതിചേർക്കപ്പെട്ടിരുന്നു. സർക്കാർ നിയമസഹായം നിരസിച്ച യാസീൻ മാലിക് കേസിൽ തൻ്റെ ഭാഗം സ്വയം വാദിക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു. അതു പ്രകാരം പ്രോസിക്യൂഷൻ സാക്ഷികളെ എതിർവിസ്താരം നടത്താൻ യാസീൻ മാലികിനെ ഹാജരാക്കണമെന്ന് ജമ്മു കശ്മീരിലെ വിചാരണ കോടതി 2022 സെപ്തംബർ 20ന് ഉത്തരവിട്ടു.
ഇതിനെതിരേ സിബിഐ നൽകിയ ഹരജിയിൽ ബുധനാഴ്ച വാദം കേൾക്കുകയായിരുന്നു സുപ്രിംകോടതി. യാസീൻ മാലികിനെ വിചാരണ കോടതിയിൽ ഹാജരാക്കണമെന്ന ഉത്തരവിനെ സിബിഐ ശക്തമായി എതിർത്തു. സുരക്ഷാകാരണങ്ങളാൽ യാസീൻ മാലികിനെ വിചാരണയ്ക്കായി ജമ്മുവിൽ കൊണ്ടുവരാനാവില്ലെന്ന് സിബിഐക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. അഭിഭാഷകനെ വയ്ക്കാതെ സ്വയം കേസ് വാദിക്കാനുള്ള ആവശ്യം യാസീൻ മാലികിൻ്റെ അടവാണെന്ന് മേത്ത പറഞ്ഞു. യാസീൻ ഒരു സാധാരണ കുറ്റവാളിയല്ലെന്നും അദ്ദേഹം വാദിച്ചു. 'ഭീകരൻ' എന്നാരോപിക്കപ്പെടുന്ന ഹാഫിസ് സഈദുമായി യാസീൻ മാലിക് വേദി പങ്കിടുന്ന ഒരു ചിത്രവും തൻ്റെ വാദം ബോധ്യപ്പെടുത്താനായി തുഷാർ മേത്ത കോടതി മുമ്പാകെ കാണിച്ചു.
എതിർ വിസ്താരം എങ്ങനെയാണ് ഓൺലൈനായി ചെയ്യാനാവുക എന്ന് കോടതി ചോദിച്ചു. ജമ്മുവിലാണെങ്കിൽ ഇൻ്റർനെറ്റ് സൗകര്യങ്ങളും കുറവാണ്. അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണയും നിയമസഹായവും നമ്മുടെ രാജ്യത്ത് അനുവദിച്ചിരുന്നുവെന്നും കോടതി എടുത്തു പറഞ്ഞു.
വിചാരണ ജയിലിനുള്ളിലാകാമെന്നും ജഡ്ജിയോട് നടപടികൾക്കായി തലസ്ഥാനത്ത് എത്താൻ ആവശ്യപ്പെടാമെന്നും സുപ്രിംകോടതി പറഞ്ഞു. കേസ് ഈ മാസം 28ലേക്ക് മാറ്റി.