കശ്മീരി നേതാവ് യാസിന്‍ മാലിക് തിഹാര്‍ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ചു
തിഹാര്‍ ജയിലിലെ ഏഴാം നമ്പര്‍ ജയിലില്‍ കഴിയുന്ന മാലിക് ജൂലൈ 22 മുതല്‍ നിരാഹാര സമരത്തിലായിരുന്നു.നിരാഹാരസമരത്തിന് പിന്നിലെ കാരണം ചോദിച്ചപ്പോള്‍, കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. എന്നിരുന്നാലും, തന്റെ കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സികള്‍ക്കെതിരേയാണ് മാലിക് പ്രതിഷേധിക്കുന്നതെന്ന് ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു.
ന്യൂഡല്‍ഹി: ശിക്ഷിക്കപ്പെട്ട് ദേശീയ തലസ്ഥാനത്തെ തിഹാര്‍ ജയിലില്‍ കഴിയുന്ന കശ്മീരി നേതാവ് യാസിന്‍ മാലിക് നിരാഹാര സമരം അവസാനിപ്പിച്ചു. 'അദ്ദേഹം (യാസിന്‍ മാലിക്) ഇന്നലെ നിരാഹാര സമരം അവസാനിപ്പിച്ചു' -ഡയറക്ടര്‍ ജനറല്‍ (ജയില്‍) സന്ദീപ് ഗോയല്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
തിഹാര്‍ ജയിലിലെ ഏഴാം നമ്പര്‍ ജയിലില്‍ കഴിയുന്ന മാലിക് ജൂലൈ 22 മുതല്‍ നിരാഹാര സമരത്തിലായിരുന്നു.നിരാഹാരസമരത്തിന് പിന്നിലെ കാരണം ചോദിച്ചപ്പോള്‍, കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. എന്നിരുന്നാലും, തന്റെ കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സികള്‍ക്കെതിരേയാണ് മാലിക് പ്രതിഷേധിക്കുന്നതെന്ന് ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു.
'തന്റെ കേസ് ശരിയായ രീതിയില്‍ അന്വേഷിക്കുന്നില്ലെന്നും അതിനാലാണ് അനിശ്ചിതകാല നിരാഹാരസമരം നടത്തിയതെന്നും മാലിക് വ്യക്തമാക്കി. അതേസമയം, തന്റെ അപേക്ഷ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി ഉറപ്പുനല്‍കിയ ശേഷം സമരം അദ്ദേഹം അവസാനിപ്പിച്ചെന്നും' ജയില്‍ വൃത്തങ്ങള്‍ പറഞ്ഞു.
നിരാഹാര സമരത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജൂലൈ 26ന് മാലിക്കിനെ ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നാല് ദിവസത്തിന് ശേഷം ജൂലൈ 29 ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. 2019 ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട മാലിക് രണ്ട് വര്‍ഷത്തിലേറെയായി ഡല്‍ഹിയിലെ തിഹാര്‍ ജയിലിലാണ്.