റഫേല്‍ വിമാനങ്ങളുടെ അഭാവം ആക്രമണത്തെ ബാധിച്ചു; വിവാദമായതോടെ മോദിയുടെ തിരുത്ത്
റഫേല്‍ വിമാനത്തിന്റെ കുറവാണ് ഇന്ത്യക്ക് ശക്തിപ്രകടിപ്പിക്കാന്‍ സാധിക്കാതെ വന്നതെന്ന പ്രസ്താവന വിവാദമായതോടെ തിരുത്തുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. റഫേല്‍ വിമാനങ്ങള്‍ സമയത്ത് വാങ്ങിയിരുന്നെങ്കില്‍ സ്ഥിതി വ്യത്യസ്തമായേനെ എന്നാണ് മോദി തിരുത്തിയത്.
ന്യൂഡല്‍ഹി: റഫേല്‍ വിമാനത്തിന്റെ കുറവാണ് ഇന്ത്യക്ക് ശക്തിപ്രകടിപ്പിക്കാന്‍ സാധിക്കാതെ വന്നതെന്ന പ്രസ്താവന വിവാദമായതോടെ തിരുത്തുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. റഫേല്‍ വിമാനങ്ങള്‍ സമയത്ത് വാങ്ങിയിരുന്നെങ്കില്‍ സ്ഥിതി വ്യത്യസ്തമായേനെ എന്നാണ് മോദി തിരുത്തിയത്. നേരത്തെ റഫേല്‍ വിമാനം സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശം അദ്ദേഹത്തിനെതിരേ തന്നെ കോണ്‍ഗ്രസ് ആയുധമാക്കുകയായിരുന്നു.
പാകിസ്താനുമായുള്ള സംഘര്‍ഷത്തില്‍ റഫേല്‍ വിമാനത്തിന്റെ കുറവാണ് ഇന്ത്യക്ക് ശക്തിപ്രകടിപ്പിക്കാന്‍ സാധിക്കാതെ വന്നതിന് കാരണമായതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. തുടര്‍ന്ന് ബാലക്കോട്ടിലെ ആക്രമണത്തെ മോദി തന്നെ ചോദ്യം ചെയ്തിരിക്കുകയാണെന്നും ഇതു സംബന്ധിച്ച് വ്യക്തത നല്‍കണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് ആഞ്ഞടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിരോധത്തിലായ മോദി റഫേല്‍ ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ ഫൈറ്റര്‍ ജെറ്റുകള്‍ പാക് ആക്രമണത്തില്‍ നശിക്കില്ലെന്നും ആരെയും അവര്‍ക്ക് പിടിക്കാന്‍ സാധിക്കില്ലെന്നും തിരുത്തിയത്. എന്നാല്‍, പ്രതിപക്ഷം വ്യോമസേനയെ മോദി ചോദ്യംചെയ്‌തെന്നാണ് പ്രചരിപ്പിക്കുന്നതെന്നും പ്രതിപക്ഷം സാമാന്യബുദ്ധി പ്രയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, റഫേല്‍ വിമാനം വൈകാന്‍ കാരണം മോദിയാണെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. വ്യോമസേനയുടെ 30000 കോടി രൂപ അനില്‍ അംബാനിക്കു നല്‍കാനായിരുന്നു റഫേല്‍ വൈകിപ്പിച്ചതെന്നും സൈനികരുടെ ജീവന് പ്രധാനമന്ത്രി മറുപടി പറയണമെന്നും രാഹുല്‍ ട്വീറ്റില്‍ കുറിച്ചു.