ഉത്തര്‍പ്രേദശ് പോലിസിന്റെ പ്രതിരോധം തകര്‍ത്തു; ഉത്തരാഖണ്ഡില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്

Update: 2020-12-25 17:37 GMT

ബസ്പൂര്‍: ഉത്തരാഖണ്ഡില്‍ നിന്നുള്ള കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ചിനെ തടയാനുള്ള ഉത്തര്‍പ്രദേശ് പോലിസിന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി. ഉത്തരാഖണ്ഡില്‍ നിന്ന് അതിര്‍ത്തി കടന്ന് ഒഴുകിയെത്തിയ കര്‍ഷകര്‍ പോലിസിന്റെ പ്രതിഷേധം തകര്‍ത്ത് ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചു.

കാശിപൂര്‍, ബസ്പൂര്‍, നാനക്മാത്ത തുടങ്ങിയ പ്രദേശങ്ങളില്‍ വച്ച് പോലിസും കര്‍ഷകരും ഏറ്റുമുട്ടി. സംഭവത്തില്‍ ചില പോലിസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നനക്മാത്ത പോലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഓഫിസര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പോലിസ് സംഘര്‍ഷത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. അതില്‍ ഇടപെട്ട കര്‍ഷകര്‍ക്കെതിരേ കേസെടുക്കുമെന്ന് പോലിസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

'ഞങ്ങളുടെ ചില ഉദ്യോഗസ്ഥരെ കര്‍ഷകര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്. അതിന്റെ വീഡിയോ പോലിസ് റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. താമസിയാതെ സംഘര്‍ഷത്തിലിടപെട്ടവര്‍ക്കെതിരേ കേസെടുക്കും''- യുഎസ് നഗറിലെ സീനിയര്‍ പോലിസ് സൂപ്രണ്ട് (എസ്എസ്പി) ദിലീപ് സിംഗ് കുന്‍വാര്‍ പറഞ്ഞു.

ഭാരതീയ കിസാന്‍ യൂണിയന്റെ ആഹ്വാനപ്രകാരമാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം സമരങ്ങള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചുവെങ്കിലും കര്‍ഷകര്‍ തള്ളിക്കളഞ്ഞു.

Tags:    

Similar News