ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍

Update: 2020-12-15 06:59 GMT

ഡറാഡൂണ്‍: സംസ്ഥാനത്തെ 93,000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ഉത്തരാഖണ്ഡ് ആരോഗ്യ സെക്രട്ടറി അമിത് നേഗി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരില്‍ നിന്ന് പണം ഈടാക്കില്ലന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യ ഘട്ട കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തേക്ക് 20 ലക്ഷം ഡോസ് വാക്‌സിനാണ് നല്‍കുക. ഇതുപയോഗിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ സ്ഥിരം, താല്‍ക്കാലിക ജീവനക്കാര്‍ക്കും സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കും.

ആരോഗ്യ സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഒരു ലക്ഷം മറ്റ് ജീവനക്കാര്‍ക്കും അഞ്ച് ലക്ഷം രോഗബാധിതര്‍ക്കും 13 ലക്ഷം പ്രായമായവര്‍ക്കും ഇതില്‍ നിന്ന് വാക്‌സിന്‍ നല്‍കും. അതേസമയം ഇത്തരക്കാര്‍ക്ക് വാക്‌സിന്‍ സൗജന്യമായിരിക്കുമോയെന്ന കാര്യം വ്യക്തമല്ല.

100 പേര്‍ക്ക് ഒരേ സമയം വാക്‌സിന്‍ നല്‍കുന്നതിനുളള സംവിധാനങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ദശലക്ഷക്കണക്കിന് വാക്‌സിന്‍ ഡോസുകള്‍ സൂക്ഷിക്കാവുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ സ്‌റ്റോര്‍ സംവിധാനം ഉടന്‍ സജ്ജമാവും. ഹരിദ്വാറിലെ ഉദ്ദംസിങ്‌നഗര്‍, അല്‍മോറ, ശ്രീനഗര്‍ എന്നിവിടങ്ങളിലും ഓരോ സ്‌റ്റോറുകള്‍ തയ്യാറാവുന്നുണ്ട്.

Tags:    

Similar News