താനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിശ്വസിക്കാന്‍ കൊള്ളാത്ത വ്യക്തിത്വമെന്ന് വി അബ്ദുര്‍റഹ്മാന്‍
താനൂര്‍: താനൂരില്‍ മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിയായ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കേരള രാഷ്ട്രീയത്തില്‍ തീരെ വിശ്വസിക്കാന്‍ കൊള്ളാത്ത വ്യക്തിത്വമാണെന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി അബ്ദുര്‍റഹ്മാന്‍ എംഎല്‍എ. എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസുകളിലൂടെയും ആരോപണമുന്നയിക്കുന്നതിലൂടെയും അദ്ദേഹമത് സ്വയം തെളിയിച്ച കാര്യമാണ്. ഇടതുമുന്നണിയെയും അതിലെ നേതാക്കളെയും മന്ത്രി കെ ടി ജലീലിനെയും ജനങ്ങള്‍ക്കിടയില്‍ താഴ്ത്തിക്കെട്ടാന്‍ പരമാവധി ശ്രമിച്ച നേതാവാണ് താനൂരില്‍ മല്‍സരിക്കുന്നത്. ജനങ്ങള്‍ അദ്ദേഹത്തിന് ബാലറ്റിലൂടെ മറുപടി നല്‍കും. താനൂരിലെ വോട്ടര്‍മാര്‍ ചുട്ട മറുപടി നല്‍കാന്‍ അദ്ദേഹത്തെ കാത്തിരിക്കുകയാണ്. താനൂരില്‍ വികസന മുരടിപ്പെണ്ടെന്ന് പറയുന്ന യൂത്ത് ലീഗ് നേതാവ് കഴിഞ്ഞ 60 വര്‍ഷമായി അദ്ദേഹത്തിന്റെ നേതാക്കള്‍ക്കും എംഎല്‍എമാര്‍ക്കും നടപ്പാക്കാന്‍ കഴിയാത്ത വികസന പ്രവര്‍ത്തനങ്ങള്‍ താനൂരില്‍ എന്തായെന്ന് പര്യടനത്തിനു പോവുമ്പോള്‍ ബോധ്യപ്പെടും. 1700 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അഞ്ചുവര്‍ഷം കൊണ്ട് താനൂരില്‍ നടപ്പാക്കി വികസനരംഗത്ത് വലിയ വിപ്ലവം തന്നെ സൃഷ്ടിച്ചതായും വി അബ്ദുറഹ്മാന്‍ അവകാശപ്പെട്ടു.
പെരിന്തല്‍മണ്ണയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയും മലപ്പുറം മുനിസിപ്പല്‍ മുന്‍ ചെയര്‍മാനുമായ കെ പി മുഹമ്മദ് മുസ്തഫയോട് സീറ്റിനുവേണ്ടി മുസ് ലിം ലീഗ് നേതൃത്വം മൂന്നുകോടി രൂപയാണ് ആവശ്യപ്പെട്ടത്. തവനൂരിലെ മറ്റൊരു മുസ് ലിം ലീഗ് നേതാവിനോട് സീറ്റിനുവേണ്ടി അഞ്ചുകോടി രൂപയാണ് ആവശ്യപ്പെട്ടത്. ഒരുകാലത്ത് നിസ്വാര്‍ത്ഥ നേതാക്കള്‍ നയിച്ചിരുന്ന മുസ് ലിംലീഗ് ഇപ്പോള്‍ കച്ചവട താല്‍പര്യം സംരക്ഷിക്കുന്ന പാര്‍ട്ടി മാത്രമായി മാറി. മുസ്ലിം ലീഗ് നേതൃത്വം കോടികള്‍ വാങ്ങി സീറ്റ് വില്‍ക്കുന്ന പാര്‍ട്ടിയായി അധപതിച്ചു. സത്യസന്ധരും സമുദായ സ്‌നേഹികളുമായ സി എച്ച് മുഹമ്മദ് കോയയും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും നയിച്ച മുസ് ലിം ലീഗ് നേതൃത്വം നിലവില്‍ സീറ്റുകള്‍ സ്വന്തം നേതാക്കള്‍ക്ക് വന്‍ വിലയ്ക്കു വിലക്കുന്ന പാര്‍ട്ടിയായി അധപതിച്ചെന്നും വി അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. കണ്‍വന്‍ഷന്‍ സിപിഎം ജില്ലാ സെക്രട്ടറി എന്‍ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിജയന്‍, എന്‍സിപി ജില്ലാ പ്രസിഡന്റ് ടി എം ശിവശങ്കരന്‍ സംസാരിച്ചു.