കുട്ടികളില്‍ വാക്സിന്‍ പരീക്ഷണം; അനുമതി സ്റ്റേ ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു
കേന്ദ്ര സര്‍ക്കാരിനും, ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കും, ഭാരത് ബയോടെക്കിനും നോട്ടിസ് അയക്കാന്‍ ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ന്യൂഡല്‍ഹി: രണ്ട് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളില്‍ കൊവിഡ് വാക്സിന്‍ പരീക്ഷണം നടത്താന്‍ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. പൊതുപ്രവര്‍ത്തകനായ സഞ്ജീവ് കുമാര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. എന്നാല്‍ ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിനും, ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കും, ഭാരത് ബയോടെക്കിനും നോട്ടിസ് അയക്കാന്‍ ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
കുട്ടികളില്‍ രണ്ടും മൂന്നും ഘട്ട കൊവാക്സിന്‍ പരീക്ഷണത്തിനാണ് അനുമതി നല്‍കിയിരുന്നത്. പരീക്ഷണത്തിന്റെ ദൂഷ്യവശങ്ങള്‍ അടക്കം മനസിലാക്കാന്‍ കുട്ടികള്‍ക്ക് കഴിയില്ലെന്നും, കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.