വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം; പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്
കോഴിക്കോട്: വടകരയിലെ വ്യാപരിയുടെ മരണം കൊലപാതകമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. പുതിയാപ്പ സ്വദേശി രാജ (62)നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. പ്രതിക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. രാജനൊപ്പം ബൈക്കില്‍ സഞ്ചരിച്ച ആളെ പോലിസ് തിരയുകയാണ്. രാജന്റെ ശരീരത്തില്‍ ബലപ്രയോഗം നടന്നതിന്റെ പാടുകമുണ്ട്.
മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടെന്നും റിപോര്‍ട്ടിലുണ്ട്. ശനിയാഴ്ച രാത്രി ബൈക്കില്‍ സഞ്ചരിച്ച രാജനൊപ്പം ഒരാള്‍ കൂടിയുണ്ടായിരുന്നെന്ന് സമീപത്തെ വ്യാപാരികള്‍ പോലിസിന് മൊഴി നല്‍കി. ഇയാളുടെ സിസിടിവി ദൃശ്യങ്ങളും പോലിസിന് ലഭിച്ചു. മുഖം വ്യക്തമല്ലാത്തതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. രാജന്റെ പല വ്യഞ്ജന കടയുടെ അകത്ത് ബലപ്രയോഗം നടന്നതിന്റെ സൂചനകള്‍ പോലിസ് പരിശോധനയില്‍ കണ്ടെത്തി. ഉപയോഗിച്ച് ബാക്കി വന്ന മദ്യക്കുപ്പിയും പോലിസിന് ലഭിച്ചു. രാജനുമായി നല്ല അടുപ്പമുള്ള ആളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലിസ് നിഗമനം.
11 മണി കഴിഞ്ഞിട്ടും കടയടച്ച് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ച് ചെല്ലുകയായിരുന്നു. പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പലചരക്ക് കടയ്ക്കുള്ളില്‍ രാജനെ മരിച്ച നിലയില്‍ കണ്ടത്തുകയായിരുന്നു. രാജന്‍ കഴുത്തിലും കൈയിലുമായി അണിഞ്ഞിരുന്ന സ്വര്‍ണാഭരണവും കടക്കുളളിലെ പണവും ബൈക്കും നഷ്ടപ്പെട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് വടകര ഡിവൈഎസ്പി പറഞ്ഞു.