വൈക്കത്ത് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത് വിവാഹശേഷം പിരിയേണ്ടിവരുമെന്ന ആശങ്കയില്‍
അമൃതയുടെ വിവാഹം അടുത്തിടെ നിശ്ചയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഇരുവരുമെന്ന് വിവരം ലഭിച്ചിരുന്നതായി പൊലീസ് പറയുന്നു.
കോട്ടയം: വിവാഹ ശേഷം പിരിയേണ്ടി വരുമെന്ന ആശങ്കയിലാണ് കൊല്ലം സ്വദേശികളായ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ്. കൊല്ലം സ്വദേശികളായ അമൃതയും ആര്യയും 14ന് രാത്രി ഏഴരയോടെയാണ് വൈക്കം മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് മൂവാറ്റുപുഴ ആറ്റില്‍ ചാടിയത്. ഇന്നു രാവിലെ ഇരുവരുടെയും മൃതദദേഹം കണ്ടെത്തി.
തീവ്ര സൗഹൃദത്തിലായിരുന്നു അഞ്ചല്‍ സ്വദേശികളായ 21 വയസുള്ള അമൃതയും ആര്യയും. കൊല്ലത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനികളായിരുന്നു ഇരുവരും. ശനിയാഴ്ച രാവിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങാനെന്ന പേരിലാണ് ഇരുവരും വീടുകളില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍ വൈകുന്നേരമായിട്ടും മടങ്ങിയെത്താതെ വന്നതോടെ മാതാപിതാക്കള്‍ ചടയമംഗലം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പാലത്തിനു സമീപം നിന്നും ലഭിച്ച ചെരുപ്പും തൂവാലയും ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെ ആറ്റില്‍ ചാടിയത് അമൃതയും ആര്യയുമാണെന്ന് തിരിച്ചറിയുകയായിരുന്നു.
പിരിയാവാനാവാത്ത വിധം തീവ്രസൗഹൃദത്തിലായിരുന്നു ഇരുവരുമെന്നാണ് പൊലീസിന് ലഭിച്ച വിവരം. മിക്ക സമയത്തും ഒരുമിച്ചായിരുന്നു ഇരുവരും. അങ്ങോട്ടുമിങ്ങോട്ടും വീടുകളില്‍ പോയി താമസിയ്ക്കുകയും ചെയ്തിരുന്നു. വിദേശത്തു ജോലി ചെയ്തിരുന്ന അമൃതയുടെ പിതാവ് അടുത്തിടെ വിദേശത്തുനിന്നും വന്നിരുന്നു. പിതാവ് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 14 ദിവസം അമൃത ആര്യയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അമൃതയുടെ വിവാഹം അടുത്തിടെ നിശ്ചയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഇരുവരുമെന്ന് വിവരം ലഭിച്ചിരുന്നതായി പൊലീസ് പറയുന്നു.