കോഴിക്കോട്: ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ സാംസ്‌കാരിക പൈതൃകം പേറുന്ന ബേപ്പൂരിന്റെ മണ്ണില്‍ അദ്ദേഹത്തിനായി വിപുലമായ സ്മാരകം ഒരുങ്ങുന്നു. സ്മാരകത്തിന്റെ നിര്‍മാണോദ്ഘാടനം ജൂലൈ മൂന്നിന് വൈകീട്ട് അഞ്ചിന് ബേപ്പൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും.
മലയാളികളുടെ ഏറെക്കാലത്തെ സ്വപ്‌നമായ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകം സംസ്ഥാന വിനോദസഞ്ചാര വകുപ്പ് 7.37 കോടി രൂപ മുതല്‍ മുടക്കില്‍ (ഒന്നാം ഘട്ടം) ബേപ്പൂരിലെ ബി.സി റോഡില്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുളള ഭൂമിയിലാണ് നിര്‍മിക്കുന്നത്. അക്ഷരത്തോട്ടം, കമ്മ്യൂണിറ്റി ഹാള്‍, കുട്ടികളുടെ കളിസ്ഥലം, വാക് വേ, ഫുഡ് സ്റ്റാളുകള്‍ തുടങ്ങി അനേകം പ്രത്യേകതകളോടെയാണ് ബഷീര്‍ സ്മാരകം ഒരുങ്ങുക. മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയാകും.