വൈക്കം മുഹമ്മദ് ബഷീറിനെ തീവ്രവാദിയാക്കി സ്‌കൂളില്‍ ചോദ്യാവലി: കുറ്റക്കാര്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കണം-അഡ്വ. എ കെ സലാഹുദ്ദീന്‍
തിരുവനന്തപുരം: വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിനെ തീവ്രവാദിയാക്കിയുള്ള ചോദ്യാവലി സ്‌കൂളില്‍ വിതരണം ചെയ്ത സംഭവം ആസൂത്രിതമാണെന്നും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്ഡിപിഐ സംസ്ഥാന ഖജാഞ്ചി അഡ്വ. എ കെ സലാഹുദ്ദീന്‍. കോഴിക്കോട് ചാലപ്പുറം ഗവ. ഗണപത് ബോയ്‌സ് ഹൈസ്‌കൂള്‍ അധികൃതരാണ് തങ്ങളുടെ വിഷലിപ്തമായ വര്‍ഗീയ അജണ്ട വിദ്യാര്‍ഥികളുടെ നിഷ്‌കളങ്ക മനസുകളിലേക്കു പകര്‍ന്നുനല്‍കാന്‍ ഗൂഢശ്രമം നടത്തിയിരിക്കുന്നത്. ഇത് കേവലമായ കൈയബദ്ധമോ അച്ചടിപ്പിശകോ അല്ല. സ്‌കൂളധികൃതരുടെ നീക്കം ദേശദ്രോഹപരമാണ്. സ്വാതന്ത്ര്യസമരത്തെ പോലും മോശമായി ചിത്രീകരിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുള്ള ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്ത് ജയിലില്‍ കഴിഞ്ഞ ശേഷം വൈക്കം മുഹമ്മദ് ബഷീറും പി എ സൈനുദ്ദീന്‍ നൈനയും ചേര്‍ന്ന് തുടങ്ങിയ ഉജ്ജീവനം പത്രത്തെയാണ് തീവ്രവാദ പത്രമായി വിശേഷിപ്പിച്ചിരിക്കുന്നത്. നവോത്ഥാന നായകന്‍ സഹോദരന്‍ അയ്യപ്പന്റെ ഒരു കവിതയുടെ പേരാണ് പത്രത്തിന് നല്‍കിയത്. ഇത്രയും ദേശസ്‌നേഹപരവും മതസൗഹാര്‍ദ്ദപരവുമായ വിഷയത്തെ പോലും തീവ്ര വംശീയതയുടെ വക്താക്കള്‍ എങ്ങനെ വളച്ചൊടിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. ഇത് ഗുരുതരവും കേരളത്തിന്റെ സാമൂഹികരംഗം സംഘര്‍ഷഭരിതവും കലാപ കലുഷിതവുമാക്കാനുള്ള കുല്‍സിത ശ്രമത്തിന്റെ ഭാഗമാണ്. ഒരേസമയം വിശ്വവിഖ്യാത സാഹിത്യകാരനെയും അതേസമയം തന്നെ സ്വാതന്ത്ര്യസമരചരിത്രത്തെയും അവഹേളിച്ചിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും അടിയന്തര അന്വേഷണത്തിലൂടെ കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ നിയമനടപടി സ്വീകരിക്കണമെന്നും അഡ്വ. എ കെ സലാഹുദ്ദീന്‍ ആവശ്യപ്പെട്ടു.