ചൈനീസ് ബിഷപ്പമാരുടെ കരാര്‍ പുതുക്കാന്‍ വത്തിക്കാന്റെ തീരുമാനം; എതിര്‍പ്പുമായി യുഎസ്
ചൈനയ്‌ക്കെതിരേ മതസ്വാതന്ത്ര്യ പ്രമേയം അവതരിപ്പിക്കാനുള്ള യുഎസിന്റെ ശ്രമത്തിനിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ചൈനയുമായി കൂടുതല്‍ അടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
ബീജിങ്: ചൈനയിലെ ബിഷപ്പുമാരുടെ നിയമനം പുതുക്കാന്‍ വത്തിക്കാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച കരാര്‍ അടുത്ത മാസം ഒപ്പുവെക്കും. വത്തിക്കാനുമായുള്ള ബീജിംഗിന്റെ ബന്ധം മെച്ചപ്പെട്ടുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
ചൈനയ്‌ക്കെതിരേ മതസ്വാതന്ത്ര്യ പ്രമേയം അവതരിപ്പിക്കാനുള്ള യുഎസിന്റെ ശ്രമത്തിനിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ചൈനയുമായി കൂടുതല്‍ അടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ചൈനയില്‍ 12 ദശലക്ഷം കത്തോലിക്കന്‍ ക്രിസ്തീയരാണുള്ളത്. ഇവരില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് അനുഭാവം പ്രകടിപ്പിക്കുന്നവരും വത്തിക്കാനോട് വിശ്വസ്തത പുലര്‍ത്തുന്ന സഭാ വിശ്വാസികളുമുണ്ട്. ഇവരുടെ വിശ്വാസ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയാണ് പുതിയ കരാറിലൂടെ വത്തിക്കാന്‍ ലക്ഷ്യമിടുന്നത്. ഇതിനോട് അനുകൂലമായിട്ടാണ് ചൈനയുടെ പ്രതികരണവും.
വത്തിക്കാനുമായുള്ള ഇടക്കാല കരാര്‍ വിജയകരമായി നടപ്പാക്കുമെന്നും പരസ്പര വിശ്വാസത്തിലും സമവായത്തിലും വര്‍ദ്ധനവുണ്ടായതായും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സഭയുടെ പ്രവര്‍ത്തനങ്ങള്‍ കഴിയുന്നത്ര സാധാരണ നിലയിലാക്കുക എന്നതാണ് ചൈനയുമായുള്ള കത്തോലിക്കാസഭയുടെ ഇപ്പോഴത്തെ ബന്ധങ്ങളുടെ താല്‍പ്പര്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വലംകൈയായ കര്‍ദിനാള്‍ പിയട്രോ പരോളിന്‍ പറഞ്ഞു.
എന്നാല്‍ , ചൈനയുമായുള്ള കരാര്‍ പുതുക്കുന്നതിലൂടെ വത്തിക്കാന്‍ ധാര്‍മികതയെ അപകടത്തിലാക്കുകയാണ് ചെയ്യുന്നതെന്നാണ് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ അഭിപ്രായപ്പെട്ടത്.