വ്യാജരേഖ : വത്തിക്കാന്‍ ഇടപെട്ടു; വിശദീകരണവുമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

വത്തിക്കാന്‍ നിയമിച്ച എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിനെ പ്രതിയാക്കി കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു എന്നത് വത്തിക്കാന്‍ അധികൃതരെ അദ്ഭുതപ്പെടുത്തി.തുടര്‍ന്ന് മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശാനുസരണം ഡല്‍ഹിയിലുള്ള സഭയുടെ നുണ്‍ഷ്യോ അന്വേഷണം നടത്തി മാര്‍പാപ്പയ്ക്കു റിപോര്‍ട് സമര്‍പ്പിച്ചതായാണ് വിവരം.

Update: 2019-03-23 07:03 GMT

കൊച്ചി: തനിക്കെതിരെ വ്യാജ ബാങ്ക് സ്റ്റേറ്റ് മെന്റ് ചമച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിനായി പോലിസില്‍ നല്‍കിയ പരാതിയില്‍ പുതിയ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് ഉറപ്പു നല്‍കിയതായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വിശദീകരണം വത്തിക്കാന്‍ ഇടപെട്ടതിനെ തുടര്‍ന്നെന്ന് സൂചന.വത്തിക്കാന്‍ നിയമിച്ച എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിനെ പ്രതിയാക്കി കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു എന്ന വാര്‍ത്ത വത്തിക്കാന്‍ അധികൃതരെ അദ്ഭുതപ്പെടുത്തിയെന്നാണ് അറിയുന്നത്. തുടര്‍ന്ന് മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശാനുസരണം ഡല്‍ഹിയിലുള്ള സഭയുടെ നുണ്‍ഷ്യോ അന്വേഷണം നടത്തി മാര്‍പാപ്പയ്ക്കു റിപോര്‍ട് സമര്‍പ്പിച്ചതായാണ് വിവരം. മാര്‍ ജേക്കബ് മനത്തോടത്തിനെയും ഫാ.പോള്‍ തേലക്കാട്ടിനെയും പ്രതിചേര്‍ത്ത നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് വത്തിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്രെ.മാര്‍ ജേക്കബ് മനത്തോടത്ത്, ഫാ.പോള്‍ തേലക്കാട്ട് എന്നിവരെ കേസില്‍ പ്രതിചേര്‍ത്തതിനെതിരെ സീറോ മലബാര്‍ സഭയിലെ വൈദികര്‍ക്കിടിയിലും പ്രതിഷേധം ഉടലെടുത്തിരുന്നു. ഇതിന്റെയെല്ലാം ഫലമായിട്ടുകൂടിയാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി സഭയിലെ മേജര്‍ സുപ്പീരിയേഴ്‌സിനും പ്രോവിന്‍ഷ്യല്‍സിനും കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് കത്ത് നല്‍കിയിരിക്കുന്നതത്രെ.

വ്യാജ രേഖ ചമച്ച് പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനായി സിനഡിന്റെ തീരുമാനപ്രകാരം ഫാ.ജോബി മാപ്രക്കാവില്‍ ആണ് പോലിസില്‍ പരാതി നല്‍കിയത്.എന്നാല്‍ എറണാകുളം- അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്, ഫാ.പോള്‍ തേലക്കാട്ട് എന്നിവര്‍ക്കെതിരെ പരാതിയില്‍ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി കത്തില്‍ വ്യക്തമാക്കുന്നു.ഫാ.പോള്‍ തേലക്കാട്ട് മാര്‍ ജേക്കബ് മനത്തോടത്തിന് രേഖകള്‍ കൈമാറുകയും മാര്‍ ജേക്കബ് മനത്തോടത്ത് അത് ആര്‍ച് ബിഷപിനു കൈമാറുകയായിരുന്നു ചെയ്തത്. വ്യാജ രേഖ ചമച്ചവരെ കണ്ടെത്തി നടപടിയെടുക്കണമെന്നാണ് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.എന്നാല്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ പോലിസ് മാര്‍ ജേക്കബ് മനത്തോടത്തിന്റെയും ഫാ.പോള്‍ തേലക്കാടിന്റെയും പേരുകള്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇവരുടെ പേരുകള്‍ എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തുമെന്ന് തങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി കത്തില്‍ വ്യക്തമാക്കുന്നു.എങ്ങനെയാണ് ഇത്തരത്തില്‍ ഒരു നടപടിയുണ്ടായതെന്ന് തങ്ങള്‍ക്കറിയില്ല.എന്നിരുന്നാലും ഇവരുടെ പേരുകള്‍ എഫ് ഐ ആറില്‍ നിന്നൊഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.ഇരുവരുടെയും പേരുകള്‍ എഫ് ഐ ആറില്‍ നിന്നൊഴിവാക്കി വ്യാജ രേഖ ചമിച്ചയാളുടെ പേരില്‍ പുതിയ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പോലിസില്‍ നിന്നും ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കത്തില്‍ വ്യക്തമാക്കുന്നു

Tags:    

Similar News