മാര്‍ ജോസഫ് പാംപ്ലാനി തലശ്ശേരി ആര്‍ച്ച്ബിഷപ്; മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പാലക്കാട് ബിഷപ്
സീറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഈ മാസം ഏഴു മുതല്‍ നടന്നുകൊണ്ടിരുന്ന സിനഡിലാണു തിരഞ്ഞെടുപ്പു നടന്നത്
കൊച്ചി: തലശ്ശേരി അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായി മാര്‍ ജോസഫ് പാംപ്ലാനിയും പാലക്കാട് രൂപതയുടെ ബിഷപ്പായി മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലും നിയമിക്കപ്പെട്ടു. സീറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഈ മാസം ഏഴു മുതല്‍ നടന്നുകൊണ്ടിരുന്ന സിനഡിലാണു തിരഞ്ഞെടുപ്പു നടന്നത്. ഇതു സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നു റോമന്‍ സമയം ഉച്ചയ്ക്കു 12 മണിക്കു വത്തിക്കാനിലും ഇന്ത്യന്‍ സമയം വൈകുന്നേരം 4.30ന് കാക്കനാട് സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയായിലും പ്രസിദ്ധപ്പെടുത്തി.
കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു പ്രഖ്യാപനം നടത്തിയത്. അറിയിപ്പിനു ശേഷം മാര്‍ ആലഞ്ചേരിയും തലശ്ശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞറളക്കാട്ടും പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തും നിയുക്ത ബിഷപ്പുമാരെ അനുമോദിച്ചു. തലശ്ശേരി അതിരൂപത അധ്യക്ഷനായിരുന്ന മാര്‍ ജോര്‍ജ് ഞറളക്കാട്ട് വിരമിച്ച ഒഴിവിലേക്കാണ് മാര്‍ ജോസഫ് പാംപ്ലാനി ഇപ്പോള്‍ നിയമിതനായിരിക്കുന്നത്. പാലക്കാട് രൂപതാധ്യക്ഷനായിരുന്ന മാര്‍ ജേക്കബ് മനത്തോടത്ത് വിരമിച്ച ഒഴിവിലേക്കാണ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ഇപ്പോള്‍ നിയമിതനായിരിക്കുന്നത്.