സീറോമലബാര്‍ സഭയില്‍ മൂന്ന് പുതിയ സഹായമെത്രാന്മാര്‍; മാര്‍ ജേക്കബ് മുരിക്കന്റെ രാജി അംഗീകരിച്ചു
മാനന്തവാടി രൂപതയുടെ സഹായമെത്രാനായി ഫാ. അലക്‌സ് താരാമംഗലത്തിനെയും, ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി ഫാ. ജോസഫ് കൊല്ലംപറമ്പിലിനെയും ഫാ. തോമസ് പാടിയത്തിനെയുമാണ് നിയമിച്ചത്.പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ആഗസ്റ്റ് 16ന് സമര്‍പ്പിച്ച രാജി സ്വീകരിച്ചു
കൊച്ചി: സീറോമലബാര്‍സഭയില്‍ മൂന്ന് പുതിയ സഹായമെത്രാന്മാര്‍ കൂടി നിയമിതരായി.മാനന്തവാടി രൂപതയുടെ സഹായമെത്രാനായി ഫാ. അലക്‌സ് താരാമംഗലത്തിനെയും, ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി ഫാ. ജോസഫ് കൊല്ലംപറമ്പിലിനെയും ഫാ. തോമസ് പാടിയത്തിനെയുമാണ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിയമിച്ചത്. സീറോമലബാര്‍സഭയുടെ മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനത്തിലാണ് ഇവരെ മെത്രാന്മാരായി സിനഡ് തിരഞ്ഞെടുത്തത്. ഇവരുടെ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പായി ഇവരെ മെത്രാന്മാരായി നിയമിക്കുന്നതിനുള്ള മാര്‍പ്പാപ്പയുടെ സമ്മതം വത്തിക്കാന്‍ സ്ഥാനപതിവഴി ലഭിച്ചിരുന്നു.
മെത്രാന്‍ സിനഡിന്റെ സമാപനദിവസമായ ഇന്ന് സിനഡിലെ മെത്രാന്മാരുടെ സാനിധ്യത്തില്‍ നടന്ന ചടങ്ങില്‍വെച്ച് നിയുക്ത മെത്രാന്മാരുടെ പ്രഖ്യാപനം നടന്നു. ജര്‍മ്മനിയിലായതിനാല്‍ മാനന്തവാടി രൂപതയുടെ നിയുക്ത സഹായമെത്രാന്‍ ഫാ. അലക്‌സ് താരാമംഗലം ചടങ്ങില്‍ പങ്കെടുത്തില്ല. ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി നിയുക്തരായിരിക്കുന്ന ഫാ. ജോസഫ് കൊല്ലംപറമ്പില്‍, ഫാ. തോമസ് പാടിയത്ത് എന്നിവരെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ഷംഷാബാദ് രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടിലും ചേര്‍ന്ന് സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു. നിയുക്ത മെത്രാന്മാരുടെ മെത്രാഭിഷേകത്തിന്റെ തീയതി പിന്നീട് നിശ്ചയിക്കും. പുതിയ മെത്രാന്മാരെ നിയമിച്ചതോടെ സീറോമലബാര്‍ സഭയില്‍ ശുശ്രൂഷ ചെയ്യുന്നവരും വിരമിച്ചവരുമായി മെത്രാന്മാരുടെ എണ്ണം 65 ആയി.
പാലാ രൂപതയുടെ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ആഗസ്റ്റ് 16ന് സമര്‍പ്പിച്ച രാജി പെര്‍മനന്റ് സിനഡിന്റെ അനുവാദപ്രകാരം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്വീകരിച്ചു. 2017 മുതല്‍ ആശ്രമജീവിതത്തിലേക്കുള്ള ആഭിമുഖ്യം മാര്‍ ജേക്കബ് മുരിക്കന്‍ പ്രകടമാക്കിയിരുന്നെങ്കിലും വത്തിക്കാന്റെ നിര്‍ദ്ദേശം കൂടി കണക്കിലെടുത്ത് മെത്രാന്‍ ശുശ്രൂഷയില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, സഹായമെത്രാന്‍ സ്ഥാനത്തുനിന്നുമാറി ആശ്രമജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തന്റെ തീരുമാനം അറിയിച്ചുകൊണ്ട് ബിഷപ്പ് മുരിക്കന്‍ കാനന്‍ നിയമപ്രകാരം മേജര്‍ ആര്‍ച്ച്ബിഷപ്പിന് രാജി സമര്‍പ്പിക്കുകയായിരുന്നു. ബിഷപ്പ് മുരിക്കന്റെ രാജി സ്വീകരിച്ചുകൊണ്ടുള്ള തീരുമാനം മേജര്‍ ആര്‍ച്ച്ബിഷപ് വത്തിക്കാനെ അറിയിക്കുകയും ഇന്നു മുതല്‍ രാജി പ്രാബല്യത്തില്‍ വരുമെന്ന് വത്തിക്കാന്‍ അറിയിക്കുകയും ചെയ്തു.