കര്‍ദിനാളിനെതിരെ വ്യാജ രേഖ: കള്ളന്‍ കപ്പലില്‍ തന്നെയെന്ന് സംശയമെന്ന് മുതിര്‍ന്ന വൈദികര്‍
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം മുതിര്‍ന്ന വൈദികര്‍ അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിന് കത്തു നല്‍കി. വിഷയം അതിരൂപതയിലെ ആലോചന സമിതി,വൈദിക സമിതി എന്നി വേദികളില്‍ വിശദമായി ചര്‍ച ചെയ്ത് നടപടിയെടുക്കേണ്ടതാണ്.ഫാ.പോള്‍ തേലക്കാട്ടിനെ ഈ മാസം 25 നുള്ളില്‍ സ്ഥലം മാറ്റാനുള്ള നീക്കത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണം.നീതിയുടെ പക്ഷത്ത് നിന്നുള്ള പരിരക്ഷ ഫാ.പോള്‍ തേലക്കാട്ടിന് നല്‍കണം
കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വ്യാജ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് ചമച്ച് അഴിമതിക്കാരനായി ചിത്രീകരിച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ കള്ളന്‍ കപ്പലില്‍ തന്നെയെന്നാണ് തങ്ങളുടെ സംശയമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം മുതിര്‍ന്ന വൈദികര്‍ അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിന് കത്തു നല്‍കി.വിഷയം അതിരൂപതയിലെ ആലോചന സമിതി,വൈദിക സമിതി എന്നി വേദികളില്‍ വിശദമായി ചര്‍ച ചെയ്ത് നടപടിയെടുക്കേണ്ടതാണ്.വിശ്വസനീയത ഉറപ്പില്ലാത്തതിനാല്‍ കരുതലോടെ അന്വേഷിച്ചറിയുന്നതിനായി ഫാ.പോള്‍ തേലക്കാട്ട് അദ്ദേഹത്തിന് ലഭിച്ച മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി ബന്ധപ്പെട്ട് ബാങ്ക് സംബന്ധമായ രേഖ മാര്‍ ജേക്കബ് മനത്തോടത്തിനെ ഏല്‍പ്പിച്ച സംഭവത്തില്‍ ഫാ. പോള്‍ തേലക്കാട്ട് തന്നെ പ്രതിയാക്കുപ്പെട്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.ഈ രേഖ ബന്ധപ്പട്ടവര്‍ക്ക് കൈമാറിയതിന്റെ പേരില്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തും പ്രതിയാക്കപ്പെട്ടിരിക്കുന്നു.
ഇതു മായി ബന്ധപ്പെട്ട് പരാതിനല്‍കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ മുഖം മൂടി വലിച്ചു കീറണം. ഇതിന്റെ പേരില്‍ ഫാ.പോള്‍ തേലക്കാട്ടിനെ ഈ മാസം 25 നുള്ളില്‍ സ്ഥലം മാറ്റാനുള്ള നീക്കത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണം.നീതിയുടെ പക്ഷത്ത് നിന്നുള്ള പരിരക്ഷ ഫാ.പോള്‍ തേലക്കാട്ടിന് നല്‍കണം.അതല്ലെങ്കില്‍ സമാന സാഹചര്യങ്ങളില്‍ വൈദികര്‍ നിസംഗത പുലര്‍ത്താന്‍ ഇത്തരം നടപടികള്‍ കാരണമാകുമെന്ന് തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും വൈദികര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.അതിരൂപതയിലെ വൈദികര്‍ക്ക് അനുഭവപ്പെട്ടതായി കാണുന്ന അനാഥത്വം ഉടന്‍ മാറ്റിയെടുക്കണം. അടിസ്ഥാന രഹിതമായ പോലിസ് കേസിന് ശക്തിക്കൂട്ടാന്‍ അതിരൂപത തലത്തിലെ ശിക്ഷാ നടപടി കാരണമാകാമെന്നും മുതിര്‍ന്ന വൈദികര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.അതിരൂപത വസ്തുവില്‍പന വിവാദത്തിന്റെ പേരില്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ ബലിയാടക്കാന്‍ നീക്കങ്ങള്‍ നടക്കുന്നതായി വ്യാപകമായ പ്രചരണം നടക്കുന്നുണ്ട്. ഇത്തരം നീക്കങ്ങള്‍ ഉണ്ടെങ്കില്‍ അത് കാര്യങ്ങള്‍ വിലയിരുത്തുന്ന ജനം പുച്ഛിച്ചു തള്ളുമെന്നും വിശ്വാസ ജീവിതത്തെ ക്ഷീണിപ്പിക്കുമെന്നും വൈദികര്‍ അയച്ച കത്തില്‍ വ്യക്തമാക്കുന്നു.