കത്തോലിക്ക സഭയിലെ പ്രതിസന്ധി കൂട്ടായ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

സിനഡില്‍ പങ്കെടുക്കുന്ന മെത്രാന്മാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ സഭയിലെ ഐക്യവും സമാധാനവും ശക്തിപ്പെടുത്തും അതിനായി സഭയൊന്നാകെ സഹകരിക്കണമെന്നും മേജര്‍ ആര്‍ച്ചുബിഷപ്പ് ആവശ്യപ്പെട്ടു. സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ പോലും മാധ്യമങ്ങള്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്ന പ്രവണത വര്‍ധിച്ചു വരുന്നതായി സംയുക്ത സമ്മേളനം വിലയിരുത്തി

Update: 2019-08-27 03:17 GMT

കൊച്ചി: സഭയിലെ പ്രതിസന്ധികള്‍ കൂട്ടായ ചര്‍ച്ചയിലൂടെ എല്ലാവര്‍ക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയുടെ സിനഡിനോടനുബന്ധിച്ച് സഭയുടെ വിവിധ രൂപതകളില്‍ നിന്നുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരും സിനഡ് മെത്രാന്മാരും സംയുക്തമായി പങ്കെടുത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനഡില്‍ പങ്കെടുക്കുന്ന മെത്രാന്മാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ സഭയിലെ ഐക്യവും സമാധാനവും ശക്തിപ്പെടുത്തും അതിനായി സഭയൊന്നാകെ സഹകരിക്കണമെന്നും മേജര്‍ ആര്‍ച്ചുബിഷപ്പ് ആവശ്യപ്പെട്ടു. സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ പോലും മാധ്യമങ്ങള്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്ന പ്രവണത വര്‍ധിച്ചു വരുന്നതായി സംയുക്ത സമ്മേളനം വിലയിരുത്തി.

സഭയുടെ ആഭ്യന്തര പ്രശ്നങ്ങള്‍ തെരുവുകളിലേയ്ക്കും ചാനലുകളിലേയ്ക്കും വലിച്ചിഴയ്ക്കപ്പെടുന്ന അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണം. സാമൂഹിക മാധ്യമങ്ങളിലൂടെ കക്ഷിതിരിഞ്ഞു നടത്തുന്ന പ്രചാരണങ്ങള്‍ സഭാഗാത്രത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചതായും യോഗം വിലയിരുത്തി. ന്യൂനപക്ഷ സമുദായം എന്ന നിലയില്‍ ക്രൈസ്തവര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. മാധവ് ഗാഡ്ഗില്‍ റിപോര്‍ട്ട് ആയുധമാക്കി കുടിയേറ്റ കര്‍ഷകരെ പീഡിപ്പിക്കാനുള്ള നീക്കം ചില കോണുകളില്‍ നിന്ന് ഉയരുന്നത് ആശങ്കാജനകമാണ്. പ്രകൃതിയെ സംഘടിതമായി ചൂഷണം ചെയ്യുന്ന ശക്തികളെ നിയന്ത്രിക്കാനുള്ള ആര്‍ജ്ജവമാണ് സര്‍ക്കാര്‍ കാണിക്കേണ്ടതെന്നും നേതാക്കള്‍ പറഞ്ഞു.

സര്‍ക്കാര്‍ ജോലികളില്‍ ക്രൈസ്തവ പ്രാതിനിധ്യം ഗണ്യമായി കുറഞ്ഞതായുള്ള ഔദ്യോഗിക സ്ഥിതിവിവര കണക്കുകള്‍ സഭയുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്നും അല്‍മായ നേതാക്കള്‍ ചൂണ്ടിക്കാട്ടി.സഭ നേരിടുന്ന വിവിധ പ്രശ്നങ്ങളോട് സിനഡ് സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് അല്‍മായരുടെ വീക്ഷണങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു. ആരാധനക്രമത്തിലെ ഐകരൂപ്യം, സഭയിലെ അച്ചടക്കം തുടങ്ങിയ വിഷയങ്ങളില്‍ സിനഡിന് വ്യക്തമായ നിലപാടുകള്‍ ഉണ്ടാകണമെന്ന് യോഗം വിലയിരുത്തി. മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആമുഖ പ്രഭാഷണം നടത്തി. ചര്‍ച്ചകള്‍ക്ക് മാര്‍ റാഫേല്‍ തട്ടില്‍ മോഡറേറ്ററായി 

Tags:    

Similar News