ലൈംഗികാതിക്രമ പരാതികളില്‍ ശിക്ഷ ശക്തമാക്കാന്‍ വത്തിക്കാന്‍ തീരുമാനിച്ചു

Update: 2021-06-01 18:49 GMT

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയിലെ ലൈംഗികാതിക്രമ പരാതികളില്‍ ശിക്ഷ കര്‍ശനമാക്കാനും ശക്തമാക്കാനും വത്തിക്കാനിലെ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ അനുമതി നല്‍കി. ലൈംഗിക ചൂഷണം, പ്രായപൂര്‍ത്തിയാകാത്തവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെല്‍, കുട്ടികളുടെ അശ്ലീലസാഹിത്യം കൈവശം വയ്ക്കല്‍, ദുരുപയോഗം മറച്ചുവെക്കല്‍ എന്നിവയും പുതിയ നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണ്.

കത്തോലിക്കാ പുരോഹിതര്‍ക്കെതിരേ ലോകവ്യാപകമായി തന്നെ പലയിടങ്ങളില്‍ നിന്നും ഉയര്‍ന്ന ലൈംഗികാതിക്രമ പരാതികളെ തുടര്‍ന്നാണ് നിലവിലുള്ള നടപടികളില്‍ മാറ്റം വരുത്താന്‍ വത്തിക്കാന്‍ തീരുമാനിച്ചത്.

മുന്‍ നിയമങ്ങള്‍ കാലഹരണപ്പെട്ടതാണെന്നും കുറ്റവാളികളെ സംരക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണെന്നും ഇരകളും വിമര്‍ശകരും പതിറ്റാണ്ടുകളായി പരാതിപ്പെട്ടിരുന്നു.

ഡിസംബര്‍ 8 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. ലൈംഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ ഒരു പുരോഹിതന്‍ 'ബലപ്രയോഗമോ ഭീഷണികളോ അധികാര ദുര്‍വിനിയോഗമോ' ഉപയോഗിച്ചാല്‍ പുരോഹിത സ്ഥാനത്തു നിന്നു തന്നെ പുറത്താക്കാനാണ് പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. പുരോഹിതന്‍മാര്‍ക്കു പുറമെ സഭയിലെ അഡ്മിനിസ്‌ട്രേറ്റര്‍ക്കും ശിക്ഷാവിധികള്‍ ബാധകമാണ്.നേരത്തെ പുരോഹിതര്‍ പ്രതികളാകുന്ന ലൈംഗികാതിക്രമ പരാതികളില്‍ അന്വേഷണം മനപ്പൂര്‍വ്വം വൈകിപ്പിക്കുന്ന അവസ്ഥയുണ്ടായിരുന്നു. ഇനിമുതല്‍ ലഭിക്കുന്ന പരാതികളില്‍ വേഗത്തില്‍ അന്വേഷണം നടത്താനാണ് നിര്‍ദ്ദേശം.

Tags:    

Similar News