മുഖ്യമന്ത്രി എന്തുകൊണ്ടാണ് നിയമവഴി സ്വീകരിക്കാത്തത്; സ്വര്‍ണക്കടത്ത് കേസ് സിബിഐയ്ക്ക് വിടണമെന്നും വിഡി സതീശന്‍
സ്വപ്‌നയ്ക്ക് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് എഴുതാന്‍ ലെറ്റര്‍ ഹെഡ് പോലും സംഘപരിവാര്‍ വകയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷവും ഭരണപക്ഷവും ആരോപണ പ്രത്യാരോപണങ്ങളുമായി കളം നിറഞ്ഞതോടെ സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട അടയന്തിരപ്രമേയത്തിന്മേലുള്ള ചര്‍ച്ച നിയമസഭയെ ഇളക്കി മറിച്ചു.
സ്വര്‍ണക്കടത്ത് സഭയില്‍ ചര്‍ച്ച ചെയ്യാന്‍ ഭരണപക്ഷം നിര്‍ബന്ധിതരായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറി എങ്ങോട്ട് പോകുന്നുവെന്ന് പോലും മുഖ്യമന്ത്രി അറിഞ്ഞില്ല. സോളാര്‍ കേസ് സിബിഐക്ക് വിട്ടതു പോലെ സ്വര്‍ണക്കടത്ത് കേസും സിബിഐക്ക് വിടണമെന്ന് സതീശന്‍ പറഞ്ഞു.
സരിതയെ വിളിച്ചു വരുത്തി പരാതി വാങ്ങി ഉമ്മന്‍ ചാണ്ടിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടയാളാണ് മുഖ്യമന്ത്രി. ഇപ്പോള്‍ ജലീല്‍ സ്വപ്നയ്‌ക്കെതിരെ കൊടുത്ത കേസിലെ സാക്ഷി സരിത. ഭരണപക്ഷം സ്വപ്ന സുരേഷിന്റെ വിശ്വാസ്യതയെ കുറിച്ച് പറയുമ്പോള്‍ ചിരിക്കേണ്ടി വരുമെന്ന് സതീശന്‍ പരിഹസിച്ചു.
ഒരേ കേസിലെ രണ്ടു പ്രതികള്‍ക്ക് രണ്ട് നീതി. തനിക്ക് അനുകൂലമായി പുസ്തകമെഴുതിയ ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിച്ചു. എന്നാല്‍ തന്റെ ഓഫിസില്‍ നിരന്തരം കയറി ഇറങ്ങാന്‍ സ്വാതന്ത്ര്യമുള്ള സ്വപ്‌നയുടെ സ്ഥിതിയോ. എന്തുകൊണ്ടാണ് മുഖ്യമന്ത്രി നിയമ വഴി സ്വീകരിക്കാത്തതെന്ന് സതീശന്‍ ചോദിച്ചു.
അതിനിടെ സ്വപ്‌നയുടെ അഭിഭാഷകന്‍ തന്റെ സഹപാഠിയാണെന്നും കൃഷ്ണ രാജും താനും ലോ കോളജില്‍ ഒരേ ബാച്ചായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഭരണപക്ഷത്തിന്റെ ഭീതിയാണ് സ്വര്‍ണക്കടത്തിന് വിശ്വാസ്യത ഉണ്ടാക്കിയതെന്നും സോളാര്‍ കേസ് പോലെ സ്വപ്നയുടെ പരാതിയില്‍ സിബിഐ അന്വേഷണം കൊണ്ടു വരുമോ എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചില്ലെന്നും പൊട്ടക്കിണറ്റിലെ തവളയെ പോലെയാവരുത് മുഖ്യമന്ത്രി എന്നാണ് പറഞ്ഞതെന്നും സതീശന്‍ പ്രതികരിച്ചു.
ആരോപണങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ മറുപടി ഏകദേശം ഒരു മണിക്കൂറോളം നീണ്ടു. സോളാര്‍ കേസും സ്വര്‍ണ്ണ കടത്തും തമ്മില്‍ ബന്ധപ്പെടുന്നത് എങ്ങനെയെന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാന തിരിച്ചടി. സോളാര്‍ അന്വേഷണത്തില്‍ ഒത്തു കളി ആരോപണം ഉയര്‍ന്നപ്പോഴാണ് കേസ് സിബിഐ അന്വേഷണത്തിന് വിട്ടതെന്നും പിണറായി ചൂണ്ടികാട്ടി. പരാതിക്കാരിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അനാവശ്യമായ പഴി സംസ്ഥാന സര്‍ക്കാര്‍ കേള്‍ക്കേണ്ട എന്നു കരുതിയാണ് അത് അംഗീകരിച്ചത്. അതും ഇതും തമ്മില്‍ എന്താണ് ബന്ധം എന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വപ്നയുടെ രഹസ്യമൊഴിയും അതിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും സംഘപരിവാര്‍ ബന്ധം ഉന്നയിച്ചുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. സ്വപ്നയ്ക്ക് ജോലി സംഘപരിവാര്‍ വഴി, കാര്‍, താമസം, സുരക്ഷ, ശമ്പളം, എല്ലാം അതുവഴി തന്നെ. പ്രധാനമന്ത്രിക്ക് കത്ത് എഴുതാന്‍ ലെറ്റര്‍ ഹെഡ് വരെ അവരുടെ വക. ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്ന ഏര്‍പ്പാടാണ് ഇത്. സ്വപ്നയുടെ വാക്കുകള്‍ പ്രതിപക്ഷത്തിന് ഇന്ന് വേദവാക്യമായി മാറിയിട്ടുണ്ട്. സ്വപ്ന ആരോപണമുന്നയിക്കുമ്പോള്‍ പിന്നില്‍ ചിലരുണ്ട് എന്ന് സംശയമുണ്ട്. പൊതുരംഗം കലുഷിതമാക്കാനുള്ള നീക്കം എന്നു തെളിവ് കിട്ടി. അതിനാലാണ് ഗൂഢാലോചനാ കേസെടുത്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.