എകെജി സെന്റര്‍ ആക്രമിച്ചത് പറക്കും സ്ത്രീയോ; സക്കറിയയുടെ കഥയോട് ഉപമിച്ച് വിഡി സതീശന്‍
ഇ പി ജയരാജന്‍ സംഭവം ഉണ്ടാകുന്നതിന് അരമണിക്കൂര്‍ മുമ്പ് പുറപ്പെട്ടോ
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തെ സക്കറിയയുടെ പറക്കും സ്ത്രീ എന്ന ചെറുകഥയോട് ഉപമിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കഥയില്‍ പറയുന്ന പറക്കും സ്ത്രീ വന്നാണോ ബോംബെറിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. എകെജി സെന്ററിന് ചുറ്റും ക്യാമറകളുണ്ടായിട്ടും പോലിസിന് പ്രതിയെ കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പാര്‍ട്ടിയുടെ ഓഫിസ് ആക്രമിക്കപ്പെട്ടപ്പോള്‍ സിപിഎം അത് ആഘോഷമാക്കി മാറ്റിയെന്നും സതീശന്‍ ആരോപിച്ചു.
എകെജി സെന്ററും എംപി ഓഫിസും ആക്രമിക്കപ്പെട്ടത് പോലിസ് നോക്കി നില്‍ക്കുമ്പോഴാണെന്നും അദ്ദേഹം ആരോപിച്ചു. എകെജി സെന്ററിന്റെ സംരക്ഷണ ചുമതല സ്‌െ്രെടക്കേഴ്‌സ് ടീമിനാണ്. അവര്‍ നോക്കി നില്‍ക്കുമ്പോള്‍ എങ്ങനെയാണ് ബോംബാക്രമണം ഉണ്ടായി. നഗരത്തില്‍ ഇത്രമാത്രം പോലിസ് സ്‌റ്റേഷനുണ്ടായിട്ട് പോലിസ് നിരീക്ഷണത്തില്‍ പ്രതി രക്ഷപ്പെട്ടു. മുഖ്യമന്ത്രി ഒരു കാര്യം പരിശോധിക്കണം. ആക്രമണം നടന്ന ഗേറ്റില്‍ പോലിസ് സംരക്ഷണം ഇല്ല എന്ന് പറയുന്നു. എന്നാല്‍ തലേദിവസം വരെ അവിടെ പോലിസ് ജീപ്പ് ഉണ്ടായിരുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
'മാതൃഭൂമി ആഴ്ചപതിപ്പില്‍ രണ്ടാഴ്ച മുമ്പ് പ്രിയങ്കരനായ കഥാകൃത്ത് സക്കറിയ ഒരു കഥ എഴുതിയിരുന്നു. രാത്രികാലങ്ങളില്‍ ഒരു അത്ഭുത രൂപം ആകാശത്തിലൂടെ പറന്ന് വന്ന് മിന്നല്‍ പിണറുപോലെ പറന്നിറങ്ങി ദുഷ്ടന്മാരെയും ദുഷ്ടകളെയും വധം അടക്കമുള്ള മാര്‍ഗങ്ങളില്‍ ശിക്ഷിച്ചുകൊണ്ടിരിക്കുന്നത് നാട്ടി പരിഭ്രാന്തി പരത്തി തുടങ്ങിയിട്ട് കുറച്ച് കാലമായി. അതിന്റെ ചിത്രം ഒന്ന് രണ്ട് ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. അതില്‍ കാണുന്നത് ബാറ്റ് വുമണിനെ പോലെ ഒരു രൂപമാണ്.
ചുണ്ടും കണ്ണും മൂക്കും ഒഴികെ തലമുഴുവന്‍ മൂടുന്ന രണ്ട് കൊമ്പുകളുള്ള കറുത്ത മുഖംമൂടി. തിളങ്ങുന്ന ലോഹ പാളികള്‍ പോലെ എന്തോ കൊണ്ടുണ്ടാക്കിയ ചട്ട. മുട്ട് മുതല്‍ പാദം വരെ പൊതിയുന്ന ചുവന്ന ബൂട്ട്‌സ്. അരവാറില്‍ തോക്ക് പോലുള്ള ആയുധം. കത്തിയും കുറുവടിയും കയറിന്റെ വളയും. കഥയുടെ പേര് പറക്കും സ്ത്രീ. ആ പറക്കും സ്ത്രീ വന്നാണോ ബോംബെറിഞ്ഞത്. ആരാണെന്ന് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള പോലിസ് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ചില നേതാക്കന്‍മാര്‍, അവരെ വ്യക്തി പരമായി അതിക്ഷേപിക്കുന്നില്ല. ഇ പി ജയരാജന്‍ സംഭവം ഉണ്ടാകുന്നതിന് അരമണിക്കൂര്‍ മുമ്പ് പുറപ്പെട്ടോ എന്ന് എനിക്ക് സംശയം'.- വി ഡി സതീശന്‍ പറഞ്ഞു.