റിയാസിന് പരിചയക്കുറവുണ്ട്, ജി സുധാകരനെ കണ്ട് ഉപദേശം തേടൂ; മന്ത്രിയെ ഉപദേശിച്ച് വിഡി സതീശന്‍
മന്ത്രി പറഞ്ഞതില്‍ പലതും വസ്തുതാപരമല്ല. വകുപ്പിലെ തര്‍ക്കം കാരണം പല ജോലികളും ടെന്‍ഡര്‍ ചെയ്യാന്‍ വൈകിയിട്ടുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളില്‍ രൂപപ്പെട്ട അപകടക്കുഴികളില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റോഡിലെ മരണ കുഴികള്‍ കാണാത്തത് മന്ത്രി മാത്രമാണെന്ന് വിഡി സതീശന്‍ പരിഹസിച്ചു. ഇത്തവണ എല്ലാ മാധ്യമങ്ങളും റോഡിലെ മരണക്കുഴികളെ കുറിച്ച് റിപോര്‍ട്ട് ചെയ്തിരുന്നു. മന്ത്രിയുടെ ശ്രദ്ധയില്‍ മാത്രമാണ് കുഴിവരാതെ പോയത്. റിയാസിന് പരിചയക്കുറവുണ്ട്. പഴയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെ പോയി കണ്ട് റിയാസ് ഉപദേശങ്ങള്‍ തേടണം. പറയുന്ന കാര്യങ്ങള്‍ സുധാകരന്‍ ഗൗരവത്തില്‍ എടുക്കാറുണ്ടായിരുന്നുവെന്നും ഉപദേശം തേടുന്നത് നല്ലതായിരിക്കുമെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.
റോഡിലെ കുഴികളുടെ കാര്യത്തില്‍ മന്ത്രി പറഞ്ഞതില്‍ പലതും വസ്തുതാപരമല്ല. വകുപ്പിലെ തര്‍ക്കം കാരണം പല ജോലികളും ടെന്‍ഡര്‍ ചെയ്യാന്‍ വൈകിയിട്ടുണ്ട്. പൈസ അനുവദിച്ചുവെന്നാണ് മന്ത്രി പറഞ്ഞത്. പക്ഷേ പണി നടന്നിട്ടില്ല. ദേശീയ പാതയിലെ കുഴികള്‍ക്ക് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഉത്തരവാദികളാണ്. സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ മന്ത്രി അറിഞ്ഞിരിക്കണം. വായ്ത്താരിയും പിആര്‍ഡി വര്‍ക്കും കൊണ്ട് മാത്രം കാര്യമില്ലെന്നും ഒരു കാലത്തും ഇല്ലാത്ത രീതിയില്‍ റോഡ് അറ്റകുറ്റപ്പണി വൈകുന്ന സ്ഥിതിയാണിത്തവണയുള്ളതെന്നും സതീശന്‍ കുറ്റപ്പെടുത്തി.