ഇഡിയുടെ വിശാല അധികാരം ശരിവച്ച വിധി; പുനപരിശോധനാ ഹരജി ഇന്ന് സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: ഇഡിയുടെ വിശാല അധികാരങ്ങള്‍ ശരിവച്ച സുപ്രിംകോടതി വിധിയെ ചോദ്യം ചെയ്തുള്ള ഹരജിയില്‍ ഇന്ന് സുപ്രിംകോടതി വാദം കേള്‍ക്കും. ജൂലൈ 27ലെ സുപ്രിംകോടതി ഉത്തരവിനെതിരെ കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം നല്‍കിയ പുനപരിശോധനാ ഹരജിയിലാണ് വാദം കേള്‍ക്കുക. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നത്.
ഇഡിക്ക് പരമാധികാരം നല്‍കുന്ന വിധി ജൂലൈ 27 ന് പ്രസ്താവിച്ചത് ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി ടി രവികുമാര്‍ എന്നിവരടങ്ങിയ സുപ്രിം കോടതി ബെഞ്ചാണ്.നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള അറസ്റ്റ്, സ്വത്ത് കണ്ടുകെട്ടല്‍, ജാമ്യത്തിനായുള്ള കര്‍ശന വ്യവസ്ഥകള്‍ തുടങ്ങിയവ കോടതി ശരിവച്ചിരുന്നു. ഇഡി പോലിസ് അല്ലെന്നും ഇസിഐആര്‍ രഹസ്യരേഖയായി കണക്കാക്കാമെന്നും വിധിയില്‍ പറയുന്നു.വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരില്‍ ഒരാളായ ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ വിരമിച്ചു. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ബെഞ്ചിന്റെ ഭാഗമാകുന്നത്.
വസ്തുക്കള്‍ കണ്ടുകെട്ടാന്‍ ഇഡിക്ക് വിശാല അധികാരം നല്‍കുന്നതിനെ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സുപ്രധാനമായ മറ്റൊരു വിധിയില്‍ വിമര്‍ശിച്ചിരുന്നു.