'എംഎല്‍എയുടെ വീട്ടിലെ റെയ്ഡില്‍ ഒന്നും കണ്ടെത്തിയില്ല, വീഡിയോ ദൃശ്യങ്ങള്‍ തെളിവ്'; അഴിമതി വിരുദ്ധ ബ്യൂറോയ്‌ക്കെതിരേ എഎപി
ന്യൂഡല്‍ഹി: എംഎല്‍എയും ഡല്‍ഹി വഖ്ഫ് ബോര്‍ഡ് ചെയര്‍മാനുമായ അമാനത്തുല്ലാ ഖാന്റെ വീട്ടില്‍ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) നടത്തിയ റെയ്ഡിനെതിരേ രൂക്ഷവിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്. എംഎല്‍എയുടെ ഇരുവീടുകളില്‍ നടത്തിയ റെയ്ഡില്‍ എസിബിക്ക് ഒന്നും കണ്ടെത്താനായിട്ടില്ലെന്നും വീഡിയോ ദൃശ്യങ്ങള്‍ ഇതിന് തെളിവാണെന്നും എഎപി അവകാശപ്പെട്ടു. റെയ്ഡിനെ ശക്തമായി അപലപിച്ച എഎപി, എംഎല്‍എയുടെ വീട്ടില്‍ നിന്ന് പണവും ആയുധങ്ങളും കണ്ടെത്തിയെന്ന വ്യാജവാര്‍ത്ത മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തി.
ബിജെപിക്ക് വേണ്ടി പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരേ വേട്ട നടത്തുകയാണെന്ന് എഎപി മുഖ്യവക്താവും എംഎല്‍എയുമായ സൗരഭ് ഭരദ്വാജ് പാര്‍ട്ടി ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എംഎല്‍എയുടെ വീട്ടില്‍ നിന്ന് എസിബി ഒന്നും കണ്ടെത്തിയില്ല. എഎപിയെ അപകീര്‍ത്തിപ്പെടുത്താന്‍ നുണകള്‍ പ്രചരിപ്പിക്കുന്നു. എസിബി ഉദ്യോഗസ്ഥര്‍ക്ക് അമാനത്തുല്ലാ ഖാന്റെ വീട്ടില്‍ നിന്ന് ഒന്നും ലഭിച്ചില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. രണ്ട് വീടുകളിലും എസിബി റെയ്ഡ് നടത്തിയെങ്കിലും പണമോ ആയുധങ്ങളോ സ്വര്‍ണമോ ബിനാമി സ്വത്തുക്കളോ കണ്ടെത്താനായില്ല. എന്നിട്ടും എംഎല്‍എയുടെ വീട്ടില്‍ നിന്ന് പണവും ആയുധങ്ങളും കണ്ടെടുത്തതായി എസിബി മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു.
എഎപിയെ അപകീര്‍ത്തിപ്പെടുത്താന്‍ സംഘടിത പ്രചാരണം നടക്കുന്നു. നേരത്തെ ഒരു ജ്വല്ലറിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണവും പണവുമായി മന്ത്രി സത്യേന്ദര്‍ ജെയിനിന്റെ ഫോട്ടോയും ചേര്‍ത്ത് ഇവര്‍ തട്ടിപ്പ് നടത്തിയതാണ്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രതിക്കൂട്ടിലാക്കാനാവാത്തതിലുള്ള നിരാശയില്‍ സിബിഐ നാളിതുവരെ 100 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികളെ ബിജെപി സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയാണ്.
കഴിഞ്ഞ കുറച്ചുമാസങ്ങളായി കേന്ദ്ര സര്‍ക്കാരും ബിജെപിയും നുണകളുടെയും പ്രചാരണങ്ങളുടെയും കോട്ട സൃഷ്ടിക്കാന്‍ അന്വേഷണ ഏജന്‍സികളെ തന്ത്രപരമായി ദുരുപയോഗം ചെയ്യുന്നു. അവര്‍ സത്യേന്ദ്ര ജെയിനിനും മറ്റ് നിരവധി ആളുകള്‍ക്കുമെതിരേ റെയ്ഡ് നടത്തി. ഇപ്പോള്‍ ഞങ്ങളുടെ എംഎല്‍എ അമാനത്തുല്ല ഖാനെതിരേ പുതിയ ആരോപണം ഉയര്‍ന്നു. താന്‍ രേഖകള്‍ മുഴുവനായി വായിച്ചു. രണ്ട് വിലാസങ്ങളിലെ വീടുകളില്‍ നിന്നും കൈവശം വയ്ക്കാന്‍ വിലക്കപ്പെട്ട പണമോ തോക്കുകളോ വെടിക്കോപ്പുകളോ അവര്‍ കണ്ടെത്തിയിട്ടില്ല.
ഇന്നലെ മുതല്‍ എംഎല്‍എയുടെ വാസസ്ഥലങ്ങളില്‍ നിന്ന് നിരവധി സാധനങ്ങള്‍ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ബിജെപി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അമാനത്തുല്ലയുടെ സഹായി ഹമീദ് അലി ഖാന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പണവും ആയുധങ്ങളും പിടിച്ചെടുത്തതായാണ് റിപോര്‍ട്ട്. ഹമീദ് ഇമാം സിദ്ദീഖ്, ഹമീദ് അലി ഖാന്‍ എന്നീ പേരുകളില്‍ രണ്ട് വ്യത്യസ്ത എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തതായാണ് എസിബി ഇതെക്കുറിച്ച് തന്നെ അറിയിച്ചതെന്ന് എഎപി പറയുന്നു.
ക്രിമിനല്‍ നിയമപ്രകാരം ഒരാളുടെ വീട്ടില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുക്കുന്നത് മറ്റൊരാളുമായി ബന്ധിപ്പിക്കുന്നത് നിയമപരമാണോ? ഒരു വ്യക്തി ഏതെങ്കിലും ബിസിനസ്സുകളില്‍ സജീവമായി ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍ ഒരു കമ്പനിയില്‍ എങ്ങനെ ഒരു ബിസിനസ് പങ്കാളിയാവും? അദ്ദേഹം ചോദിച്ചു. അമാനത്തുല്ലാ ഖാന് ബിസിനസ്സുകളൊന്നുമില്ല. എന്നിട്ടും കുറ്റാരോപിതരായ കുറ്റവാളികളെ അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളികളായി മുദ്രകുത്തുകയാണ്.
ഒരു ബിസിനസ് പങ്കാളിയുടെ വീട്ടില്‍ നിന്ന് തോക്കുകള്‍ കണ്ടെടുത്താല്‍, അയാളുടെ ക്രിമിനല്‍ പ്രവൃത്തി മറ്റ് ബിസിനസ് പങ്കാളികളുമായി ബന്ധപ്പെടുത്താമോ? സിബിഐയും ഇഡിയും ബിജെപിക്ക് വേണ്ടി സമാനമായ പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. അമാനത്തുല്ലാ ഖാന്റെ വസതിയില്‍ നിന്ന് വെറുംകൈയോടെ എസിബി ഉദ്യോഗസ്ഥര്‍ മടങ്ങുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും എഎപി വക്താവ് കൂട്ടിച്ചേര്‍ത്തു. വഖ്ഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് അമാനത്തുല്ലാ ഖാന്‍ അറസ്റ്റിലായത്. ഓഖ്‌ലയില്‍ നിന്നുള്ള എംഎല്‍എയായ ഇദ്ദേഹത്തെ ഡല്‍ഹി പോലിസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്.