ജനകീയ ഗോദയില്‍ ബിജെപിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്; ജയം 65,080 വോട്ടുകള്‍ക്ക്

ബിജെപിയുടെ യോഗേഷ് കുമാറിനെയും ഐഎൻഎൽഡി സ്ഥാനാര്‍ഥി സുരേന്ദര്‍ ലാതറിനെയും തോല്‍പ്പിച്ചാണ് വിനേഷിന്റെ മുന്നേറ്റം

Update: 2024-10-08 09:00 GMT

ചണ്ഡീഗണ്ഡ്: ഗുസ്തിയുടെ ഗോദയില്‍ നിന്നു തഴയപ്പെട്ടപ്പോള്‍ ജനകീയ ഗോദയില്‍ വിജയം കൊണ്ട് മറുപടി പറഞ്ഞ് വിനേഷ് ഫോഗട്ട്. ഗുസ്തി താരമെന്ന നിലയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്ന എല്ലാ അപമാനങ്ങള്‍ക്കും മീതെ അവര്‍ അഭിമാനത്തോടെ ജയിച്ചു കയറി. ജൂലാന മണ്ഡലത്തില്‍ നിന്നാണ് ഫോഗട്ട് ജനവിധി നേടിയത്. ബിജെപിയുടെ യോഗേഷ് കുമാറിനെയും ഐഎൻഎൽഡി സ്ഥാനാര്‍ഥി സുരേന്ദര്‍ ലാതറിനെയും തോല്‍പ്പിച്ചാണ് വിനേഷിന്റെ മുന്നേറ്റം. ആം ആദ്മി പാര്‍ട്ടിയുടെ കവിതാ റാണിക്കും ഇവിടെ വോട്ട് പിടിക്കാന്‍ ആയില്ല.

ഗുസ്തി താരമായ വിനേഷ് ഫോഗട്ട് പാരിസ് ഒളിംമ്പിക്‌സില്‍ ഫൈനലില്‍ എത്തിയിരുന്നു. എന്നാല്‍ ഭാരം കൂടി എന്ന കാരണത്താല്‍ തഴയപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അവര്‍ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ബലാല്‍സംഗ പരാതിയില്‍ ബ്രിജ്ഭൂഷന്‍ സിങിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചവരില്‍ ഒരാള്‍ ഫോഗട്ട് ആയിരുന്നു. കര്‍ഷക സമരത്തില്‍ പങ്കെടുത്ത് കര്‍ഷകരോടുള്ള ആദരവും താരം പ്രകടിപ്പിച്ചിരുന്നു. ബ്രിജ്ഭൂഷണെ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കം ചെയ്യാന്‍ ഏതറ്റം വരെയും പോകാന്‍ സമരം ചെയ്യാനൊരുങ്ങിയ വ്യക്തികൂടിയാണ് ഫോഗട്ട്. അധികാരം കൊണ്ട് ഗുസ്തി താരങ്ങളുടെ മാനത്തിന് വിലയിട്ട ഒരായിരം ബ്രിജ്ഭൂഷന്‍മാര്‍ക്കുളള രാഷ്ട്രീയ മറുപടി കൂടിയായി മാറുകയാണ് ഫോഗട്ടിന്റെ വിജയം. തിരഞ്ഞെടുപ്പ് ഗോദയിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ തോല്‍പ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയവര്‍ക്ക് തന്റെ രാഷ്ട്രീയ പോരാട്ടത്തിലൂടെ തന്നെ ഒരു തുറന്ന മറുപടി ഫോഗട്ട് കരുതിവച്ചിരുന്നിരിക്കണം.


Tags:    

Similar News