കന്യാസ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം: കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അമിത് ഷാ
കൊച്ചി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കന്യാസ്ത്രീകളെയും പുതുതായി ക്രിസ്തുമതം സ്വീകരിച്ചവരെയും ആക്രമിച്ചവരെ നിയമത്തിനു മുന്നിലെത്തിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അമിത് ഷാക്ക് കത്തയച്ചിരുന്നു.
മാര്‍ച്ച് 19ന് ഹരിദ്വാര്‍പുരി ഉത്കല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീകള്‍ക്കു നേരെയാണ് ബിജെപിക്കു കീഴിലുള്ള അഖില്‍ ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് അംഗങ്ങള്‍ ആക്രമണം നടത്തിയത്. ഇവരെ ബലമായി ട്രെയിനില്‍ നിന്നും ഇറക്കുകയും പോലിസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.മണിക്കൂറുകള്‍ക്കു ശേഷമാണ് ഇവരെ പിന്നീട് വിട്ടയച്ചത്.
കന്യാസ്ത്രീകള്‍ക്കു നേരെയുള്ള ആക്രമം നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രിസ്തീയ വോട്ടുകള്‍ ലക്ഷ്യമിടുന്ന ബിജെപിക്ക് ദോഷം വരുത്തുമെന്ന സാഹചര്യത്തിലാണ് അക്രമികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അമിത്ഷാ പറഞ്ഞത്. ഇതിനു ഇതിനു മുന്‍പ് കര്‍ണാടകയില്‍ ഉള്‍പ്പടെ ക്രിസ്തുമത വിശ്വാസികള്‍ക്കു നേരെ സംഘ്പരിവാരം ആക്രമണങ്ങള്‍ നടത്തിയപ്പോഴൊന്നും ഇത്തരത്തിലുള്ള ഒരു നടപടിയുമുണ്ടായിരുന്നില്ല.