കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അക്രമം: രണ്ടുപേര്‍ പിടിയില്‍

വി.എച്ച്.പി, ഹിന്ദു ജാഗ്രന്‍ മഞ്ച് പ്രവര്‍ത്തകരാണ് പിടിയിലായത്

Update: 2021-04-02 02:23 GMT

ലക്‌നൗ: ഝാന്‍സിയില്‍ തീവണ്ടിയില്‍ വച്ച് കന്യാസ്ത്രീകളെ അക്രമിച്ച കേസിലെ പ്രതികളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വി.എച്ച്.പി, ഹിന്ദു ജാഗ്രന്‍ മഞ്ച് പ്രവര്‍ത്തകരാണ് പിടിയിലായത്. അന്‍ചല്‍ അര്‍ജരിയ, പര്‍ഗേഷ് അമരിയ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സമാധാന ലംഘനത്തിന് ഇരുവരുടെയും പേരില്‍ കേസ് എടുത്തിട്ടുണ്ടെന്നും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തതെന്നും ഝാന്‍സി ജില്ല മജിസ്‌ട്രേറ്റ് ആന്ദ്ര വംസി പറഞ്ഞു.


കഴിഞ്ഞ മാര്‍ച്ച് 19 നാണ് ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് തിരുഹൃദയ സന്യാസി സമൂഹത്തിന്റെ ഡല്‍ഹി പ്രൊവിന്‍സിലെ മലയാളി അടക്കമുള്ള നാല് കന്യാസ്ത്രീകള്‍ക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായത്. രണ്ട് പേര്‍ സന്യാസ വേഷത്തിലും മറ്റുള്ളവര്‍ സാധാരണ വേഷത്തിലും ആയിരുന്നു. മതം മാറ്റാന്‍ ഒപ്പമുള്ള രണ്ട് പെണ്‍കുട്ടികളെ കൊണ്ടുപോകുന്നുവെന്നാരോപിച്ചാണ് ആക്രമണത്തിന് ചിലര്‍ ശ്രമിച്ചത്. തീവണ്ടിയില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്തിറക്കുകയും ചെയ്തിരുന്നു.




Tags:    

Similar News