തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കാനുള്ള തിങ്കളാഴ്ചത്തെ സമവായ നീക്കങ്ങള്‍ ഫലം കാതെ വന്നതോടെ ഇന്ന് വീണ്ടും ചര്‍ച്ചകള്‍ തുടരും. മന്ത്രിസഭാ ഉപസമിതി ഇന്ന് സമരസമിതിയുമായി വീണ്ടും ചര്‍ച്ച നടത്തും. വിഴിഞ്ഞം തീരശോഷണം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയില്‍ സമരസമിതിയുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് തിങ്കളാഴ്ചത്തെ ചര്‍ച്ചയില്‍ പ്രധാനമായും മുന്നോട്ടുവച്ചത്.
വീട് നഷ്ടപ്പെട്ടവര്‍ക്ക് വാടകവീട്ടില്‍ താമസിക്കാന്‍ കൂടുതല്‍ തുക അനുവദിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കു വാടക വീടുകള്‍ക്കായി 5,500 രൂപയ്ക്കു പകരം 8,000 രൂപ നല്‍കണമെന്നാണ് സമരസമിതി ആവശ്യപ്പെട്ടത്. പോലിസ് സ്‌റ്റേഷന്‍ ആക്രമണവുമായി ബന്ധപ്പെട്ട കേസുകളും യോഗത്തില്‍ ചര്‍ച്ചയായി. ഈ കേസുകള്‍ പിന്‍വലിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. സമരസമിതി നേതാക്കളുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ചയിലെ കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. വിഴിഞ്ഞത്ത് സമവായത്തിനായി തിരക്കിട്ട ശ്രമങ്ങളാണു നടക്കുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ നടപടികള്‍ തുടങ്ങിയിരുന്നു.
കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് ബാവയുടെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറി സമരസമിതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം മുഖ്യമന്ത്രിയുമായും മന്ത്രി ആന്റണി രാജുവുമായും കര്‍ദിനാള്‍ കൂടിക്കാഴ്ച നടത്തി. ഏഴംഗ സമാധാനദൗത്യ സംഘവും ഇന്നലെ ഉച്ചയോടെ സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ ഡോ.എന്‍ രാധാകൃഷ്ണന്‍, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഉള്‍പ്പെടെയുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്.