വിഴിഞ്ഞത്ത് നടക്കുന്നത് യുദ്ധം; അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍

Update: 2022-11-28 16:21 GMT

കൊച്ചി: വിഴിഞ്ഞത്ത് സര്‍ക്കാരിനും കോടതിക്കും പോലിസിനുമെതിരേ യുദ്ധം നടക്കുകയാണെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചു. വിഴിഞ്ഞം സമരക്കാര്‍ക്ക് സ്വന്തം നിയമമാണ്. അവിടെ ക്രമസമാധാന പ്രശ്‌നം നിലനില്‍ക്കുന്നുവെന്നും പോലിസ് നിഷ്‌ക്രിയമാണെന്നും അദാനി ഗ്രൂപ്പ് കോടതിയില്‍ വിശദീകരിച്ചു. എന്നാല്‍, 5,000 പോലിസുകാരെ സമരമുഖത്ത് വിന്യസിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. സംഘര്‍ഷ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്.

3,000 പ്രക്ഷോഭകര്‍ പോലിസ് സ്‌റ്റേഷന്‍ വളഞ്ഞ് ആക്രമണം നടത്തിയെന്നും നിരവധി പോലിസുകാര്‍ക്ക് പരിക്കേറ്റെന്നും സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖ നിര്‍മാണപ്രവര്‍ത്തനത്തിന് സമരക്കാരില്‍ നിന്നും സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വിഴിഞ്ഞം സംഭവത്തില്‍ നടപടിയെടുക്കണമെന്നും സ്വീകരിച്ച നടപടികള്‍ വെള്ളിയാഴ്ച കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് അനു ശിവരാമന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Tags:    

Similar News