
സിയോള്‍: ബലാല്‍സംഗക്കേസില്‍ ദക്ഷിണ കൊറിയന്‍ പൗരന് തടവ് ശിക്ഷ വിധിക്കാന്‍ കോടതിക്ക് സഹായകമായി വാഷിങ്‌മെഷീന്‍. വാഷിങ് മെഷീനിന്റെ ലിഡില്‍ അയാള്‍ നടത്തുന്ന ആക്രമണ ദൃശ്യങ്ങള്‍ പ്രതിഫലിപ്പിച്ചത് അന്വേഷകര്‍ കണ്ടെത്തുകയും, കോടതി അത് നിര്‍ണായക തെളിവായി സ്വീകരിക്കുകയുമായിരുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലാണ് സംഭവം. പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നതനുസരിച്ച്, യുവതിയെ മണിക്കൂറുകളോളം ഇയാള്‍ തടവില്‍ പാര്‍പ്പിക്കുകയും ബന്ധം വേര്‍പെടുത്താന്‍ ആഗ്രഹിച്ചപ്പോള്‍ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. കൂടാതെ ആക്രമണത്തിന്റെ വീഡിയോ പുറത്തുവിടുമെന്ന് അയാള്‍ ഇരയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയും യുവതിയും തമ്മിലുള്ള ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബലാല്‍സംഗം നടന്നതിന്റെ ദ്യശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് സമീപത്തെ വാഷിങ് മെഷീനിന്റെ പ്ലാസ്റ്റിക് മൂടിയില്‍ ബലാല്‍സം പ്രതിഫലിക്കുന്നത് കാണാന്‍ കഴിയുമെന്ന് അവര്‍ക്ക് മനസ്സിലായത്. ഈ കണ്ടെത്തലാണ് പ്രതിയെ പിടികൂടുന്നതിലേക്ക് നയിച്ചത്.
പ്രതിക്ക് കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ബലല്‍സംഗം, അസഭ്യം പറയല്‍, നിയമവിരുദ്ധമായി തടങ്കലില്‍ വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കൂടാതെ, പ്രായപൂര്‍ത്തിയാകാത്ത ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.