എസ്റ്റേറ്റ് തൊഴിലാളിയായ നേപ്പാള്‍ സ്വദേശിനിയുടേത് കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

നാട്ടിൽ പോകുന്നത് സംബന്ധിച്ച് ഇന്ന് പുലർച്ചെ ബിമലയും ഭർത്താവും തമ്മിൽ തർക്കമുണ്ടായെന്നും തുടർന്ന് ഇയാൾ ഭാര്യയെ കെെക്കോട്ട് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.

Update: 2022-01-08 16:14 GMT

കല്‍പറ്റ: മേപ്പാടി കുന്നമ്പറ്റ നിര്‍മ്മല എസ്‌റ്റേറ്റ് തൊഴിലാളിയായ നേപ്പാള്‍ സ്വദേശിനി ബിമല(28)യുടേത് കൊലപാതകമാണെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായി. ഭര്‍ത്താവായ നേപ്പാള്‍ സ്വദേശി സല്‍മാന്‍ ജാഗിരി(29)യെ മേപ്പാടി പൊലിസ് അറസ്റ്റ് ചെയ്തു. നാട്ടില്‍ പോകുന്നത് സംബന്ധിച്ച് ഇന്ന് പുലര്‍ച്ചെ ബിമലയും ഭര്‍ത്താവും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സല്‍മാന്‍ സമീപത്തുണ്ടായിരുന്ന കൈക്കോട്ട് താഴ് കൊണ്ട് ബിമലയുടെ തലയില്‍ പലതവണ അടിക്കുകയും ബിമല സ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയുമായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി.

ഇന്ന് രാവിലെ കുട്ടിയുടെ ഉറക്കെയുള്ള നിലവിളി കേട്ട് സമീപത്തു തന്നെ താമസിക്കുന്ന മറ്റു തൊഴിലാളികള്‍ വന്നു നോക്കിയപ്പോഴാണ് മാരകമായി മുറിവേറ്റ രക്തം വാര്‍ന്നു മരിച്ചു കിടക്കുന്ന ബിമലയുടെ മൃതദേഹം കണ്ടത്. ആളുകള്‍ എത്തിയതോടെ ഭര്‍ത്താവായ സല്‍മാന്‍ ജാഗിരി കുട്ടിയേയും എടുത്ത് ബാഗുമായി സ്ഥലം വിടാന്‍ നോക്കുകയും നാട്ടുകാര്‍ ഉടന്‍ മേപ്പാടി പൊലിസില്‍ വിവരം അറിയിക്കുകയും ചെയ്തു. മേപ്പാടി പൊലിസ് സ്‌റ്റേഷനില്‍ നിന്ന് എസ്‌ഐ സിറാജും, ക്രൈം എസ്‌ഐ പ്രകാശനും സ്ഥലത്തെത്തി സല്‍മാനെ തടഞ്ഞുവെക്കുകയും വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റംസമ്മതം നടത്തുകയുമായിരുന്നൂവെന്ന് പൊലിസ് വ്യക്തമാക്കി. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.

ജില്ലാ പൊലിസ് മേധാവി അരവിന്ദ് സുകുമാര്‍ ഐപിഎസ്, കല്‍പ്പറ്റ ഡിവൈഎസ്പി എംഡി സുനില്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. മേപ്പാടി സിഐ ആണ് കേസന്വേഷിക്കുന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സയന്റിഫിക് ഇന്‍വെസ്റ്റിഗേഷന്‍ അസിസ്റ്റന്റും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Tags:    

Similar News