വയനാട് മെഡിക്കല്‍ കോളേജ് ഉദ്ഘാടനം 14ന്; സ്വാഗതസംഘം രുപീകരണയോഗം വെള്ളിയാഴ്ച
വയനാട്: ജില്ല ആശുപത്രി മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനവും തലപ്പുഴ ബോയ്‌സ് ടൗണില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന കോമ്പ്രിഹെന്‍സിവ് ഹീമോഗ്‌ളോബിനോപതി റിസെര്‍ച്ച് ആന്റ് കെയര്‍ സെന്ററിന്റെ ശിലാസ്ഥാപനവും ഫെബ്രുവരി 14ന് (ഞായറാഴ്ച) 3 മണിക്ക് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി കെ .കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.
ജില്ലാ ആശുപത്രിയില്‍ നവീകരിച്ച ഓ പി വിഭാഗത്തിന്റെയും ലക്ഷ്യ പദ്ധതിയിലുള്‍പ്പെടുത്തി നവീകരിച്ച ഗൈനക്കോളജി വിഭാഗത്തിന്റെയും ഐസിയു ആംബുലന്‍സിന്റെയും ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റിന്റെയും ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടത്തും.
ഉദ്ഘാടനച്ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിനായി തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെയും രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടേയും വിവിധ വകുപ്പുകളിലെ ജില്ലാതല മേധാവികളുടെയും ഉള്‍കൊള്ളിച്ചുകൊണ്ടുള്ള സ്വാഗതസംഘം രൂപീകരണ യോഗം ഇന്ന് ( വെള്ളിയാഴ്ച ) ഉച്ചയ്ക്ക് രണ്ടു മണിക്ക് മാനന്തവാടി എരുമത്തെരുവിലുള്ള മില്‍ക്ക് സൊസൈറ്റി ഹാളില്‍ നടക്കും. യോഗത്തില്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരും രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാതല നേതാക്കന്മാരും വിവിധ വകുപ്പുകളിലെ ജില്ലാതല മേധാവികളും പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ ആര്‍ രേണുക അഭ്യര്‍ത്ഥിച്ചു.