വയനാട് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കണം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

Update: 2024-08-08 12:10 GMT

തിരുവനന്തപുരം: വയനാട് മെഡിക്കല്‍ കോളജ് ആശുപത്രി എത്രയും വേഗം യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍. പ്രകൃതി ദുരന്തങ്ങളും വന്യജീവി ആക്രമണങ്ങളും നിരന്തരം ജീവനു ഭീഷണിയായി മാറിയിരിക്കുന്ന പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വളരെ അനിവാര്യമായിരിക്കുന്നു. ഗോത്രവര്‍ഗക്കാരും ഇതര സംസ്ഥാനതൊഴിലാളികളും ഉള്‍പ്പെടെയുള്ള നിര്‍ധനരും സാധാരണക്കാരും അധിവസിക്കുന്ന വയനാട് ജില്ലയില്‍ വിദഗ്ധ ചികില്‍സ സൗജന്യമായി ലഭ്യമാക്കാന്‍ നടപടിയുണ്ടാവണം. അത്യാസന്ന രോഗികളെയുമായി ചുരമിറങ്ങി കിലോമീറ്ററുകള്‍ യാത്ര ചെയ്യേണ്ട അവസ്ഥയാണ്. വയനാട് ദുരന്തത്തില്‍ ഇതിന്റെ അപര്യാപ്തത നമുക്ക് ബോധ്യപ്പെട്ടതാണ്. വന്യജീവി ആക്രമണങ്ങളില്‍ പരിക്കേറ്റവരുടെയുള്‍പ്പെടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതിരുന്ന നിരവധി സംഭവങ്ങളുണ്ട്. ചികില്‍സ ലഭ്യമാക്കേണ്ട സാഹചര്യങ്ങളില്‍ നിര്‍ധനരായ ജനങ്ങള്‍ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. കല്‍പ്പറ്റ-മാനന്തവാടി റൂട്ടില്‍ മെഡിക്കല്‍ കോളജിനായി സ്ഥലം വാങ്ങിയിരുന്നെങ്കിലും ആശുപത്രി എവിടെ സ്ഥാപിക്കണമെന്ന പ്രാഥമിക വിഷയത്തില്‍ പോലും തീരുമാനമാവാത്തത് കടുത്ത അനാസ്ഥയും അവഗണനയുമാണ്. വയനാട് മെഡിക്കല്‍ കോളജ് എന്ന ബോര്‍ഡ് സ്ഥാപിക്കുന്നതിലൂടെ പരിഹരിക്കാന്‍ കഴിയുന്നതല്ല വയനാട്ടിലെ ജനങ്ങള്‍ അനുഭവിക്കുന്ന ചികില്‍സാ പ്രശ്‌നങ്ങള്‍. മെല്ലെപ്പോക്ക് അവസാനിപ്പിച്ച് വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി മെഡിക്കല്‍ കോളജ് നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News