ആശയവൈജാത്യങ്ങള്‍ മാറ്റിവച്ച് ഐക്യത്തോടെ നീങ്ങിയാല്‍ ഏത് ശക്തിയെയും പരാജയപ്പെടുത്താം: മൗലാനാ ഫൈസല്‍ അഷ്‌റഫി
വിശ്വകവി അല്ലാമാ ഇഖ്ബാല്‍ പാടിയ പോലെ സമുദ്രത്തോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ മാത്രമേ തിരമാലയ്ക്ക് ശക്തിയുണ്ടാകൂ, ബക്കറ്റിലേക്ക് മാറ്റിയാല്‍ അതിന് ശക്തിയുണ്ടാവില്ല
തിരുവനന്തപുരം: എല്ലാ ആശയ വൈജാത്യങ്ങളും മാറ്റിവെച്ച് ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങിയാല്‍ ഏത് ഫാഷിസ്റ്റ് ശക്തികളെയും പരാജയപ്പെടുത്താന്‍ കഴിയുമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ ജനറല്‍ സെക്രട്ടറി മൗലാനാ ഫൈസല്‍ അഷ്‌റഫി കോട്ടയ്ക്കല്‍. തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ ഭാരങ്ങള്‍ ഇറക്കി വയ്ക്കുക, വിലങ്ങുകള്‍ അഴിച്ചു മാറ്റുക എന്ന തലക്കെട്ടില്‍ ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംഘടിപ്പിച്ച പ്രിയപ്പെട്ടനബി കാംപയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ത്രിപുരയില്‍ ആര്‍എസ്എസും ബജ്‌റങ് ദളും റാലി നടത്തി മുസ്‌ലിം പള്ളികളും സ്ഥാപനങ്ങളും തകര്‍ക്കുന്നു. പാനിസാഗര്‍ ജില്ലയില്‍ മാത്രം അഞ്ചോളം പള്ളികളാണ് തീയിട്ട് നശിപ്പിച്ചത്. 150ഓളം പള്ളികളാണ് അവിടെ തകര്‍ക്കപ്പെട്ടത്. മുസ്ഹഫുകളും മുസല്ലകളും കൂട്ടിയിട്ട് തീയിടുകയാണ്.
നാം നമ്മുടെ ഭാഗദേയം നിശ്ചയിച്ച് മുന്നേറാനുള്ള സമയമാണിത്. ഭാവി തലമുറക്ക് വേണ്ടി നമ്മുടെ ദൗത്യം നിര്‍വ്വഹിക്കണം. എല്ലാ ഫാഷിസ്റ്റ് ചങ്ങലക്കെട്ടുകളേയും ഭേദിച്ച് സമൂഹത്തെ മുന്നോട്ട് നയിക്കേണ്ടത് പണ്ഡിതന്മാരാണ്. നബിമാരുടെ പിന്മുറക്കാരാണ് പണ്ഡിതന്മാര്‍.
ഈ സാഹചര്യത്തില്‍ എല്ലാ വിഭാഗീയ ചിന്തകളും മാറ്റിവെച്ച് മുസ്‌ലിം സമൂഹം ഒരുമിക്കണം. വിശ്വകവി അല്ലാമാ ഇഖ്ബാല്‍ പാടിയ പോലെ സമുദ്രത്തോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ മാത്രമേ തിരമാലയ്ക്ക് ശക്തിയുണ്ടാകൂ, അത് ബക്കറ്റിലേക്ക് മാറ്റിയാല്‍ ശക്തിയുണ്ടാവില്ല. അതുകൊണ്ട്, ഒരുമിച്ച് നിന്നാല്‍ രാജ്യത്തിന്റെ ശത്രുക്കളായ സംഘപരിവാര്‍ ശക്തികളെ ആറടിമണ്ണില്‍ കുഴിച്ച് മൂടാന്‍ നമ്മുക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വിഎം ഫത്തഹുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഹാഫിസ് ഹയാത്തുദ്ദീന്‍ ഖാസിമി(ഖിറാഅത്ത്) ഹാഫിസ് അഫ്‌സല്‍ ഖാസിമി (സെക്രട്ടറി, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍), ഇ കെ സുലൈമാന്‍ ദാരിമി (കെഎംവൈഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി), മുഫ്തി അമീന്‍ ഖാസിമി മാഹി(പ്രഫ. ദാറുല്‍ ഉലൂം,ഓച്ചിറ), ഖാലിദ് മൂസാ നദ്‌വി (പ്രഫ. കോളജ് ഓഫ് ഖുര്‍ആന്‍, കുറ്റിയാടി), അര്‍ഷദ് അല്‍ ഖാസിമി(ചെയര്‍മാന്‍, ഉലമ സംയുക്ത സമിതി), കെ കെ അബ്ദുല്‍ മജീദ് ഖാസിമി(സംസ്ഥാന വൈസ് പ്രസിഡന്റ്, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍), പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി(ചെയര്‍മാന്‍ കേരള മുസ്‌ലിം സംയുക്ത സമിതി), ജലീല്‍ സഖാഫി, അര്‍ഷദ് മുഹമ്മദ് നദ്‌വി(ജനറല്‍ സെക്രട്ടറി, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍), നിസാറുദ്ദീന്‍ ബാഖവി എന്നിവര്‍ സംസാരിച്ചു.