പശ്ചിമ ബംഗാള്‍ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് അവസാനിച്ചു; 79.79 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

Update: 2021-03-27 14:15 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ രേഖപ്പെടുത്തിയത് 79.79 ശതമാനം പോളിങ്. വൈകീട്ട് 6.30നാണ് വോട്ടിങ് അവസാനിച്ചത്. അഞ്ച് ജില്ലകളിലാണ് ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം പുര്‍ബ മേദിനിപൂരില്‍ രേഖപ്പെടുത്തി, 82.42 ശതമാനം. ഏറ്റവും കുറവ് പുരുലിയയില്‍, 77.13 ശതമാനം.

ഝാര്‍ഗ്രം മണ്ഡലത്തില്‍ 80.55 ശതമാനം, പശ്ചിം മേദിനിപൂരില്‍ 80.16 ശതമാനം, ബങ്കുറയില്‍ 80.03 ശതമാനം എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ വോട്ടിങ് ശതമാനം.

ചില പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ ഉണ്ടായതായി റിപോര്‍ട്ടുണ്ട്.

191 സ്ഥാനാര്‍ത്ഥികളാണ് ഒന്നാംഘട്ടത്തില്‍ മല്‍സരരംഗത്തുള്ളത്. അതില്‍ 21 പേര്‍ സ്ത്രീകളാണ്. പലയിടങ്ങളിലും തൃണമൂല്‍, ഇടത്-കോണ്‍ഗ്രസ് സഖ്യം, എന്‍ഡിഎ സഖ്യം എന്നിവ തമ്മില്‍ ത്രികോണ മല്‍സരമാണ് നടക്കുന്നത്.

പശ്ചിമ ബംഗാളിലെ എട്ട് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പാണ് ശനിയാഴ്ച നടന്നത്. തീരുമാനിച്ചതുപോലെ ഏഴ് മണിക്കുതന്നെ തിരഞ്ഞെടുപ്പ് തുടങ്ങിയെങ്കിലും വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ ചിഹ്നമല്ല വിവിപാറ്റില്‍ തെളിഞ്ഞതെന്ന ആരോപണത്തെത്തുടര്‍ന്ന് ചിലയിടങ്ങളില്‍ വോട്ടെടുപ്പ് നിര്‍ത്തിവച്ചു.

ആദ്യ ഘട്ട തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ 73,80,942 പേരുണ്ട്. അതില്‍ 37,52,938 പുരുഷന്മാരും 36,27,949 വനിതകളുമാണ്. 55 ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍മാരുണ്ട്. സര്‍വീസ് വോട്ടുകള്‍ 11767 എണ്ണം. 1,23,393 പേര്‍ 60 വയസ്സിനു മുകളിലുള്ളവരാണ്. 40,408 പേര്‍ ഭിന്നശേഷിക്കാരാണ്.

Tags:    

Similar News