ബംഗാളില്‍ മൂന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു;പിന്നില്‍ ബിജെപിയെന്ന് ആരോപണം
ജൂലൈ 21ന് കൊല്‍ക്കത്തയില്‍ പാര്‍ട്ടിയുടെ രക്തസാക്ഷി ദിന റാലിയുടെ ഒരുക്കത്തിനായുള്ള യോഗത്തിന് പോകുകയായിരുന്നു ഇവര്‍
കൊല്‍ക്കത്ത: ബംഗാളില്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടേ മൂന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട നിലയില്‍.ഗോപാല്‍പൂര്‍ ഗ്രാമപഞ്ചായത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം സ്വപന്‍ മാജി, പാര്‍ട്ടിയുടെ പ്രാദേശിക ബൂത്ത് പ്രസിഡന്റുമാരായ ഭൂത്‌നാഥ് പ്രമാണിക്, ജന്ദു ഹല്‍ദ എന്നിവരാണ് കൊല്ലപ്പെട്ടത്.സംഭവസ്ഥലത്തുനിന്ന് ഒഴിഞ്ഞ വെടിയുണ്ടകളും ബൈക്കും കണ്ടെടുത്തിട്ടുണ്ട്.സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് തൃണമൂല്‍ എംഎല്‍എ സൗക്കത്ത് മൊല്ല ആരോപിച്ചു.
സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ കാനിങിലാണ് സംഭവം. ജൂലൈ 21ന് കൊല്‍ക്കത്തയില്‍ പാര്‍ട്ടിയുടെ രക്തസാക്ഷി ദിന റാലിയുടെ ഒരുക്കത്തിനായുള്ള യോഗത്തിന് പോകുകയായിരുന്നു ഇവര്‍.പിയര്‍ പാര്‍ക്ക് ഏരിയക്ക് സമീപത്ത് വച്ച് ഇവരെ അജ്ഞാതര്‍ അക്രമിക്കുകയായിരുന്നു. ആദ്യം മാജിയെ മാരകമായി ആക്രമിക്കുകയും പിന്നീട് മറ്റ് രണ്ട് പേരെയും പിന്തുടര്‍ന്ന് കൊല്ലുകയുമായിരുന്നു.
സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യയുടെ (കമ്മ്യൂണിസ്റ്റ്) അനുഭാവികളാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് ചില തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു.വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു.
അതേസമയം കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന ആരോപണം ബിജെപി നേതാവ് സുവേന്ദു അധികാരി നിഷേധിച്ചു.തൃണമൂല്‍ കോണ്‍ഗ്രസിലെ വിഭാഗീയതയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.