നമ്പര്‍പ്ലേറ്റിലെ നിറങ്ങളുടെ കളി എന്താണ്?

ഇപ്പോള്‍ റോഡില്‍ പല നിറത്തിലുള്ള നമ്പര്‍ പ്ലേറ്റുമായാണ് വാഹനങ്ങള്‍ ഓടുന്നത്.

Update: 2020-08-12 18:47 GMT

കോഴിക്കോട്: വര്‍ഷങ്ങള്‍ക്കു മുന്‍പ് രണ്ടു തരം നമ്പര്‍പ്ലേറ്റുകളാണ് നമ്മുടെ നാട്ടിലുണ്ടായിരുന്നത്. സ്വകാര്യ വാഹനങ്ങളെ സൂചിപ്പിക്കുന്ന കറുപ്പില്‍ വെള്ള അക്ഷരമുള്ള നമ്പര്‍പ്ലേറ്റും ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ വെള്ളയില്‍ കറുപ്പ് അക്ഷരമുള്ള നമ്പര്‍പ്ലേറ്റും. പിന്നീട് ഇതു മാറി വെള്ളയില്‍ കറുപ്പ് അക്ഷരളുള്ള നമ്പര്‍ പ്ലേറ്റ് സ്വകാര്യ വാഹനങ്ങള്‍ക്ക് അനുവദിച്ചു. ബസ്, ഓട്ടോ,ടാക്‌സി, ഗുഡ്‌സ് വാഹനങ്ങള്‍ തുടങ്ങിയ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റിന്റെ നിറം മഞ്ഞയില്‍ കറുപ്പ് അക്ഷരങ്ങളായി മാറി.

ഇപ്പോള്‍ റോഡില്‍ പല നിറത്തിലുള്ള നമ്പര്‍ പ്ലേറ്റുമായാണ് വാഹനങ്ങള്‍ ഓടുന്നത്. പച്ചയില്‍ വെള്ള അക്ഷരങ്ങളും പച്ചയില്‍ മഞ്ഞ അക്ഷരങ്ങള്‍ കൊണ്ട് നമ്പറെഴുതിയ വാഹനങ്ങളും നിരത്തില്‍ കാണാം. കറുപ്പില്‍ മഞ്ഞ അക്ഷരങ്ങള്‍ കൊണ്ട് നമ്പറെഴുതിയ വാഹനങ്ങളും ഇടക്കൊക്കെ ഉണ്ടാകാം.

എന്താണ് നമ്പര്‍പ്ലേറ്റിലെ ഈ നിറവ്യത്യാസം സൂചിപ്പിക്കുന്നത്? ഇലക്ട്രിക് വാഹനങ്ങളെ സൂചിപ്പിക്കുന്നവയാണ് നമ്പര്‍പ്ലേറ്റിലെ പച്ച നിറം. അതായത് ആ വാഹനം കരിയും പകയുമില്ലാതെ പരിസ്ഥിതിസൗഹൃദം ആണെന്ന അടയാളമാണ് നമ്പര്‍ പ്ലേറ്റിലെ പച്ച നിറം. പച്ചയില്‍ വെള്ള നിറത്തില്‍ എഴുതിയ നമ്പര്‍ പ്ലേറ്റ് ആണെങ്കില്‍ അത് വൈദ്യുത ശക്തിയിലോടുന്ന സ്വകാര്യ വാഹനമാണ്. പച്ചയില്‍ മഞ്ഞ അക്ഷരമാണെങ്കില്‍ അത് വൈദ്യുത ശക്തിയിലോടുന്ന ട്രാന്‍സ്‌പോര്‍ട്ട് വാഹനമാകും.


 ഡ്രൈവറില്ലാതെ വാടകക്ക് നല്‍കുന്ന വാഹനങ്ങള്‍ക്ക് കറുപ്പില്‍ മഞ്ഞ അക്ഷരം കൊണ്ടാണ് നമ്പര്‍ എഴുതുക. നീലയില്‍ വെള്ള അക്ഷരങ്ങള്‍ കൊണ്ട് നമ്പര്‍ എഴുതിയ വാഹനമാണെങ്കില്‍ അത് വിദേശ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച വാഹനമാണ് എന്ന് ഉറപ്പിക്കാം. ഇവക്കു പുറമെ വാഹനം ഷോറൂമില്‍ നിന്നും പുറത്തിറക്കുമ്പോള്‍ ലഭിക്കുന്ന ട്രേഡ് സര്‍ട്ടിഫിക്കറ്റ് അടയാളപ്പെടുത്തുന്ന ചുമപ്പില്‍ വെള്ള അക്ഷരങ്ങളുള്ള നമ്പര്‍ പ്ലേറ്റ്, താല്‍ക്കാലിക രജിസ്‌ട്രേഷന്‍ ചെയ്താല്‍ ലഭിക്കുന്ന മഞ്ഞയില്‍ ചുമപ്പ് അക്ഷരങ്ങളുള്ള നമ്പര്‍പ്ലേറ്റ് എന്നിവയമുണ്ട്.


Tags:    

Similar News