ആറളത്തെ ആദിവാസികളോട് സര്‍ക്കാര്‍ ചെയ്യുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം: യൂത്ത് കോണ്‍ഗ്രസ്
കണ്ണൂര്‍: ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കാന്‍ ബാധ്യതപ്പെട്ട ഭരണകൂടം തന്നെ ഒരു സമൂഹത്തെ ഉന്മൂലനം ചെയ്യാന്‍ കൂട്ടുനില്‍ക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സുദീപ് ജെയിംസ് പ്രസ്താവനയില്‍ പറഞ്ഞു.
ആറളത്ത് ആനയുടെയും മറ്റു വലിയ ജീവികളുടെയും ആക്രമണത്തില്‍ കൊലചെയ്യപ്പെടുന്ന ആദിവാസികളെ സര്‍ക്കാരാണ് അവിടെ കൊണ്ടു വന്നു താമസിപ്പിച്ചത്. അതുകൊണ്ടുതന്നെ അവര്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കേണ്ടത് സര്‍ക്കാരിന്റെ ധാര്‍മിക ബാധ്യതയുമാണ്. എന്നാല്‍ ഇവിടെ നിരന്തരമായി വന്യജീവിയുടെ ആക്രമണത്തിന് കൊലചെയ്യാനായി ആദിവാസികളെ സര്‍ക്കാര്‍ വിട്ടുനല്‍കുകയാണ് ചെയ്യുന്നത്.
ആനമതിലാണ് ഇതില്‍ നിന്നുള്ള പരിരക്ഷ എന്നറിഞ്ഞിട്ടും നടപടിക്രമങ്ങളിലൂടെ അത് പൂര്‍ത്തിയാക്കാതെ നീട്ടിക്കൊണ്ടിരിക്കുന്നത് തികഞ്ഞ അലംഭാവം തന്നെയാണ്. ആദിവാസിക്ഷേമത്തിന് പ്രത്യേക വകുപ്പുകള്‍ ഉണ്ടായിട്ടും വര്‍ഷംതോറും കോടിക്കണക്കിന് രൂപ ചെലവഴിച്ചു നിരവധി പദ്ധതികള്‍ ഉണ്ടായിട്ടും നിരന്തരം ആനയുടെ ആക്രമത്തില്‍പ്പെട്ട് ആദിവാസി സമൂഹത്തിലെ ആളുകള്‍ കൊല്ലപ്പെടുന്നതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. അടിയന്തരമായി ആനമതില്‍ പൂര്‍ത്തീകരിച്ചു മേഖലയിലെ ആദിവാസികളുടെയും കര്‍ഷകരുടെയും കണ്ണീരിന് അറുതിവരുത്തണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.