അഫ്ഗാനിലെ രാഷ്ട്രീയ സംവിധാനം എന്തായിരിക്കും?

Update: 2021-08-19 02:18 GMT
അഫ്ഗാനിലെ രാഷ്ട്രീയ സംവിധാനം എന്തായിരിക്കും?

കാബൂള്‍: താലിബാന്‍ അഫാഗാനിലെ അധികാരം പിടിച്ച സാഹചര്യത്തില്‍ എന്തുതരം രാഷ്ട്രീയ സംവിധാനമായിരിക്കും നിലവില്‍ വരികയെന്നതില്‍ നിരവധി കേന്ദ്രങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയ സംവിധാനത്തിന്റെ ഏകദേശ വിവരങ്ങള്‍ കഴിഞ്ഞ ദിവസം റോയിട്ടേഴ്‌സ് പുറത്തുവിട്ടു. താലിബാന്‍ നേതാവ് വഹീദുല്ല ഹാഷിമിയുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാര്‍ത്ത. സാധാരണ മട്ടിലുള്ള ജനാധിപത്യസംവിധാനമാവില്ല നിലവില്‍ വരികയെന്ന് വഹീദുല്ല അറിയിച്ചു. കാരണം അഫ്ഗാനില്‍ ജനാധിപത്യസംവിധാനത്തിന്റെ അടിസ്ഥാനം ദുര്‍ബലമാണ്. ശരിഅ അനുസരിച്ചായിരിക്കും ഭരണമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. 

താലിബാന്‍ നേതൃത്വം നിയമിക്കുന്ന കൗണ്‍സിലായിരിക്കും രാജ്യത്തെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കുക. താലിബാന്റെ മേധാവി ഹിബത്തുല്ല അഖുന്‍സാദയായിരിക്കും കൗണ്‍സില്‍ മേധാവി. അദ്ദേഹത്തിനായിരിക്കും മൊത്തത്തിലുള്ള കൗണ്‍സിലിന്റെ മേല്‍നോട്ടവും. 1996-2001 കാലത്ത് അധികാരത്തിലിരുന്ന സമയത്തും സ്ഥിതി ഇതുതന്നെയായിരുന്നു. ആസമയത്ത് ഇപ്പോഴുള്ളതില്‍നിന്നുള്ള ഒരു വ്യത്യാസം ഇപ്പോഴത്തെ പ്രധാന നേതാവ് മുല്ല ഉമര്‍ പിന്നണിയിലായിരുന്നു എന്നതാണ്.

അബ്ദുല്‍ ഗനി ബറാദര്‍ ആയിരിക്കും പ്രസിഡന്റ്. താലിബാന്റെ സ്ഥാപകാംഗവും കൂടിയാണ് അദ്ദേഹം. അതേസമയം ഹിബത്തുല്ല അഖുന്‍സാദയുടെ മൂന്ന് ഡെപ്യൂട്ടികള്‍ ഒരാള്‍ പ്രസിഡന്റ് സ്ഥാനം വഹിച്ചേക്കാമെന്നാണ് ഹഷിമി നല്‍കുന്ന സൂചന. ഒരാള്‍ ബറാദര്‍ തന്നെ. സ്ഥാപക നേതാവ് മുല്ല ഉമറിന്റെ മകന്‍ മൗലവി യാക്കൂബാണ് രണ്ടാമന്‍. മൂന്നാമന്‍ സിറാജുദ്ദീന്‍ ഹഖാനി.

താലിബാന് പൈലറ്റുമാരില്ലാത്തതിനാല്‍ അതിനുവേണ്ടിയുള്ള അന്വേഷണം നടക്കുന്നതായി ഹഷിമി പറഞ്ഞു.

അഫ്ഗാന്‍ സേനയും താലിബാന്‍ അംഗങ്ങളും ഉള്‍പ്പെട്ട് ദേശീയ സേനക്ക് പുതുതായി രൂപം നല്‍കാന്‍ താലിബാന്‍ ഉദ്ദേശിക്കുന്നു. മിക്കവാറും പേര്‍ തുര്‍ക്കിയിലും ജര്‍മനിയിലും പരിശീലനം നേടിയവരാണ്. അവരോട് തല്‍സ്ഥാനങ്ങളില്‍ തിരികെവരാന്‍ താലിബാന്‍ നിര്‍ദേശിച്ചു. അതേസയമം സൈന്യത്തില്‍ ചില പരിഷ്‌കരണങ്ങളുണ്ടാകുമെന്നും സൂചന നല്‍കി.

Tags:    

Similar News