മരണസര്‍ട്ടിഫിക്കറ്റ് എവിടെ?, നെയാറ്റിന്‍കര ഗോപന്റെ കല്ലറ തുറക്കാമെന്ന് ഹൈക്കോടതി

കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമെന്ന് കോടതി

Update: 2025-01-15 09:40 GMT

നെയ്യാറ്റിന്‍കര: മണിയന്‍ എന്ന ഗോപന്‍സ്വാമിയെ സമാധി ഇരുത്തിയെന്ന് പറയപ്പെടുന്ന കല്ലറ തുറക്കാമെന്ന് ഹൈക്കോടതി. കുടുംബം സമര്‍പ്പിച്ച ഹരജിയിലാണ് തീരുമാനം. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമെന്ന് കോടതി. ഗോപന്റെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്നും കോടതി ചോദിച്ചു. തിങ്കളാഴ്ച ഈ കല്ലറ തുറക്കാന്‍ പോലിസ് ശ്രമിച്ചെങ്കിലും സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. മണിയന്‍ സ്വമേധയാ സമാധിയായതാണെന്നും ജീവല്‍ സമാധിയായതിനാല്‍ ഹൈന്ദവ ആചാരപ്രകാരം സമാധി തുറക്കാനാവില്ലെന്നുമുള്ള വാദമുയര്‍ത്തിയാണ് കുടുംബം ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

അതിയന്നൂര്‍, ആറാലുംമൂട്, കാവുവിളാകം സിദ്ധന്‍ ഭവനില്‍ മണിയനെ (69) കാണാനില്ലെന്ന രണ്ടു നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് പോലിസ് തിങ്കളാഴ്ച സമാധി പൊളിക്കാന്‍ എത്തിയത്. എന്നാല്‍, ഹിന്ദു ഐക്യവേദി, വൈകുണ്ഠ സ്വാമി ധര്‍മ പ്രചാരണ സഭ (വിഎസ്ഡിപി) തുടങ്ങിയ സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും വീട്ടുകാര്‍ക്കു പിന്തുണയുമായി എത്തി. ഇതോടെ പോലിസ് പിന്‍മാറുകയായിരുന്നു.

കല്ലറ ഗോപന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ അവ്യക്തമായി തുടരുകയാണെന്നും സത്യം പുറത്തു കൊണ്ടുവരാന്‍ മൃതദേഹം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തുമെന്ന തിരുമാനത്തില്‍ നിന്നു പുറകോട്ടില്ലെന്നും ജില്ലാ ഭരണകൂടവും അറിയിച്ചിരുന്നു.

Tags:    

Similar News