'ചോദ്യം ചെയ്യാന്‍ നിങ്ങളാരാ?': കര്‍ണാടകയില്‍ ക്രിസ്മസ് ആഘോഷിച്ചത് ചോദ്യം ചെയ്ത ഹിന്ദുത്വരെ നേരിട്ടെതിര്‍ത്തത് സ്ത്രീകള്‍

Update: 2021-12-31 07:37 GMT

ബെംഗളൂരു: സ്വന്തം വീട്ടില്‍ ക്രിസ്മസ് ആഘോഷിച്ചത് ചോദ്യം ചെയ്യാനെത്തിയ ബജ്‌റംഗദള്‍ പ്രവര്‍ത്തകരെ നേരിട്ടെതിര്‍ക്കുന്ന സ്ത്രീകളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. കര്‍ണാടകയിലെ തുമകുരുവിലാണ് പിന്നാക്ക കുടുംബത്തില്‍ കയറിവന്ന് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ആക്രമണത്തിനു ശ്രമിച്ചത്. ക്രിസ്മസിനു മൂന്ന് ദിവസം മുമ്പാണ് സംഭവം നടന്നത്.

ഹിന്ദു കുടുംബം ക്രിസ്മസ് ആഘോഷിക്കുന്നത് കണ്ടാണ് ഹിന്ദുത്വര്‍ വീട്ടിലെത്തിയത്. എന്തിനാണ് ക്രിസ്മസ് ആഘോഷിക്കുന്നത്, സിന്ദൂരം തൊടാത്തതെന്ത്, എന്തിനാണ് ചില കുടുംബാംഗങ്ങള്‍ ക്രിസ്ത്യാനികളായതെന്നും അവര്‍ ചോദിച്ചു.

അക്രമികള്‍ തങ്ങളെ ചോദ്യം ചെയ്യുന്നതിനെ കുടുംബത്തിലെ സ്ത്രീകള്‍ പ്രതിരോധിച്ചു. ആരെ പ്രാര്‍ത്ഥിക്കുമെന്നത് തങ്ങളുടെ അവകാശമാണെന്ന് പറഞ്ഞ അവര്‍ പക്ഷേ, മതംമാറ്റ ആരോപണം തളളിക്കളഞ്ഞു.

'ഞങ്ങളെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ ആരാണ്? ഞാന്‍ മംഗളസൂത്രം (വിവാഹിതരായ ഹിന്ദു സ്ത്രീകള്‍ ധരിക്കുന്ന മാല) അഴിച്ച് മാറ്റിവെക്കാം,'- അക്രമികളോട് ഒരു സ്ത്രീ ചോദിച്ചു. മറ്റൊരു സ്ത്രീ ഹിന്ദുത്വരോട് വീട് വിട്ട് പുറത്തുപോകാനും ആവശ്യപ്പെട്ടു.

പോലിസിനെ വിളിച്ചശേഷമാണ് പ്രശ്‌നങ്ങള്‍ ഒതുങ്ങിയത്.

കുടുംബത്തിലെ ചിലര്‍ വര്‍ഷങ്ങളായി ക്രിസ്മസ് ആഘോഷിക്കുന്നവരാണെന്ന് പോലിസ് പറഞ്ഞു.

ഹിന്ദുത്വരുടെ വീടുകയറിയിറങ്ങിയ പരിശോധനകള്‍ കര്‍ണാടകയില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.

Tags:    

Similar News