നൂറ്റാണ്ട് പിന്നിട്ട ശ്രീചിത്തിരത്തിരുനാള്‍ ഗ്രന്ഥശാലയെ ഫ്‌ലാറ്റാക്കാന്‍ ആര്‍ക്കാണ് തിടുക്കം?

Update: 2021-02-03 14:36 GMT

ഷിജു ആര്‍

തിരുവനന്തപുരം: 1914ല്‍ വായനശാല കേശവപ്പിളള സ്ഥാപിച്ച തിരുവനന്തപുരം വഞ്ചിയൂര്‍ ശ്രീചിത്തിരതിരുനാള്‍ ഗ്രന്ഥശാല ഫ്‌ലാറ്റാക്കി മാറ്റാന്‍ നീക്കം. താളിയോലകള്‍, ആദ്യകാല പത്രങ്ങള്‍, മാസികകള്‍, വിദേശ മാസികകള്‍ തുടങ്ങി ഒന്നര ലക്ഷത്തിലധികം രേഖകളും പുസ്തകങ്ങളും സൂക്ഷിക്കുന്ന ഒരു മഹത്തായ ഗ്രന്ഥാലയമാണ് പൊളിച്ചുനീക്കാന്‍ ശ്രമിക്കുന്നത്. ഇതിനെതിരേ സാഹിത്യ, സാംസ്‌കാരിക മേഖലയിലുളളവര്‍ രംഗത്തുവരണമെന്നാവശ്യപ്പെട്ട് ഐക്യകേരള പ്രസ്ഥാനമാണ് രംഗത്തുവന്നിരിക്കുന്നത്. 


 


 


തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയുടെ തൊട്ടടുത്ത കെട്ടിടത്തിലാണ് വായനശാല പ്രവര്‍ത്തിക്കുന്നത്. നഗരത്തിലെ കണ്ണായ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന വായനശാലയുടെ ഭൂമി ഫ്‌ലാറ്റാക്കി മാറ്റി ലാഭം കൊയ്യാനാണ് ശ്രമം.

രാജാവിന്റെ സഹായത്തോടെയും ജനങ്ങളുടെ പിരിവെടുത്തുമാണ് ഗ്രന്ഥാലയത്തിനുളള 50 സെന്റ് ഭൂമി വാങ്ങിയത്. ഇതിലാണ് ചിലര്‍ കണ്ണുവച്ചിരിക്കുന്നത്. കേരളത്തിലെ നിലവധി ഗവേഷകര്‍ തങ്ങളുടെ പഠനത്തിനുവേണ്ടി ഉപയോഗിക്കുന്ന വായനശാലയാണ് ഇത്.

മുഴുവന്‍ പോസ്റ്റ് വായിക്കാം:

കേരളത്തിലെ എഴുത്തുകാരുടേയും സാംസ്‌കാരിക പ്രവര്‍ത്തകരുടേയും അടിയന്തിര ശ്രദ്ധയിലേക്ക്.

നൂറ്റാണ്ട് പിന്നിട്ട ശ്രീചിത്തിരത്തിരുനാള്‍ ഗ്രന്ഥശാലയെ ഫ്‌ലാറ്റാക്കാന്‍ ആര്‍ക്കാണ് തിടുക്കം?

1914 ല്‍ 'വായനശാല കേശവപ്പിള്ള' സ്ഥാപിച്ചതാണ് തിരുവനന്തപുരം വഞ്ചിയൂര്‍ ശ്രീ ചിത്തിരത്തിരുനാള്‍ ഗ്രന്ഥശാല. 1972 ല്‍ അദ്ദേഹം അന്തരിച്ചു താളിയോലകള്‍, ആദ്യകാല പത്രങ്ങള്‍ , മാസികകള്‍, വിദേശ മാസികകള്‍ തുടങ്ങി ഒന്നര ലക്ഷത്തിലധികം രേഖകളും പുസ്തകങ്ങളും സൂക്ഷിക്കുന്ന ഒരു മഹത്തായ ഗ്രന്ഥാലയം.

തിരുവനന്തപുരം നഗരത്തിലെ കണ്ണായ സ്ഥലത്ത് നിലനില്‍ക്കുന്ന അതിനെ ഇടിച്ചു നിരത്തി ഫ്‌ലാറ്റുകളാക്കാം. ശതകോടികള്‍ക്ക് വില്‍ക്കാം. എന്താല്ലേ കഥ!!

ഗ്രന്ഥശാലയില്‍ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന പുരാരേഖകളുടെ സഹസ്രകോടികളുടെ മൂല്യം ആര്‍ക്ക് വേണം എന്നാണ് ഉദാരവത്കൃത കച്ചവട മനസ്സ് നമ്മെനോക്കി കൊഞ്ഞനം കുത്തുന്നത്.

കേശവപ്പിള്ള എന്ന ഏഴാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ആ വലിയ മനുഷ്യന്‍ രാജാവിന്റെ കാലു പിടിച്ചും, പിരിവെടുത്തും വാങ്ങിയ 50 സെന്റ് കണ്ണായ സ്ഥലം. പൗരപ്രമുഖരുടെയും പൊതുജനങ്ങളുടെയും വിയര്‍പ്പു കൊണ്ടടുക്കിയ പുസ്തകങ്ങളും പുരാരേഖകളും.

ഒരു ജനതയുടെ വികസനം എന്നാല്‍ അവരുടെ സാംസ്‌കാരിക ഈടുവെപ്പുകള്‍, വൈജ്ഞാനിക ശേഖരങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നതാണെന്ന് നമുക്കറിയാം. ഒരു പുതിയ സര്‍വകലാശാലയ്ക്കുവേണ്ടി പണം മുടക്കുന്നതിനേക്കാള്‍ പ്രധാനമാണ് എല്ലാ സര്‍വകലാശാലകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രയമായ ഇത്തരമൊരു സ്ഥാപനം നിലനിര്‍ത്തല്‍. അറിവുല്പാദന കേന്ദ്രങ്ങളോട് മുഖം തിരിക്കുന്ന ഒരു സമൂഹം, അതിനെ വെള്ളിക്കാശിനു വേണ്ടി ഒറ്റുകൊടുക്കുന്ന സമൂഹം ആധുനികമോ പരിഷ്‌കൃതമോ അല്ല. ഇവയെല്ലാം ഫ്‌ലാറ്റാക്കി എന്തുതരം നവകേരളമാണ് നാം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ?

നൂറ്റിയാറ് വര്‍ഷം മുമ്പ് കേശവപ്പിള്ളയെന്ന മനുഷ്യന്‍ ആ വായനശാലയും ഗ്രന്ഥശാലയും സ്ഥാപിക്കുമ്പോള്‍ അത് അദ്ദേഹത്തിന്റെ മാത്രം സ്വപ്നമായിരുന്നില്ല. ഒരു കാലഘട്ടത്തിന്റെയും സമൂഹത്തിന്റെയും സ്വപ്നം കൂടിയായിരുന്നു . അതിന് അവര്‍ ഒട്ടേറെ കഷ്ടതകള്‍ സഹിച്ചിരിക്കും. അതിന്റെ പേരില്‍ കേശവപ്പിള്ളയ്ക്ക് ഒരു ജനത നല്‍കിയ സ്‌നേഹവും ആദരവുമാണ് 'വായനശാല കേശവപ്പിള്ള' എന്ന വിശേഷണം. അദ്ദേഹത്തിന്റെയും സുഹൃത്തുക്കളുടെയും സഹനങ്ങളെ, ചരിത്രത്തില്‍ അതുണ്ടാക്കിയതും ഇനി ഉണ്ടാക്കാനിരിക്കുന്നതുമായ നേട്ടങ്ങളെ, ചരിത്രത്തിന്റെ അടയാളങ്ങളെ, സംസ്‌കാരത്തിന്റെ സ്മാരകങ്ങളെ പണത്തിനു വേണ്ടി വില്‍ക്കാന്‍ ആര്‍ക്കാണവകാശം...?

അതിനെ കൂടുതല്‍ മികച്ചതാക്കി വരും തലമുറയ്ക്ക് ലഭ്യമാക്കുകയാണ് വേണ്ടത്. അതിനു സര്‍ക്കാറും ഗ്രന്ഥശാലാ സംഘവും അടിയന്തരമായി ഇടപെടുകയാണ് വേണ്ടത്.

കേരള ചരിത്രവും സാഹിത്യവും അന്വേഷിക്കുന്ന ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും അക്ഷയഖനിയായ ഈ സ്ഥാപനത്തെ നിലംപരിശാക്കാന്‍ ശ്രമിക്കുകയാണ് പണപ്പനി ബാധിച്ച ഒരു കൂട്ടം മനുഷ്യര്‍. കുടുംബത്തിന് അധീശത്തമുണ്ടാക്കിയെടുത്ത് ഒരു പബ്ലിക് ട്രസ്റ്റില്‍ എന്തും കാട്ടിക്കൂട്ടുന്നത് കണ്ടു നില്‍ക്കാന്‍ സാംസ്‌കാരിക കേരളത്തിനാവില്ല. ശ്രീ ചിത്തിര തിരുനാള്‍ ഗ്രന്ഥശാലയെ അന്തസോടെ നിലനിര്‍ത്തുന്നതിനായി കേരളത്തിലെ സാംസ്‌കാരിക സമൂഹം രംഗത്തിറങ്ങണം. ഗ്രന്ഥശാലയെ സംരക്ഷിക്കാന്‍ ജീവനക്കാര്‍ ആരംഭിച്ച സമരത്തോടൊപ്പം നമ്മളേവരും അണിനിരക്കണം. വ്യാപാര ബുദ്ധികളില്‍ നിന്ന് നമ്മുടെ ഈ മഹത്തായ ഈടുവെപ്പിനെ സംരക്ഷിക്കണം. ആ സ്ഥാപനത്തിലെ ഏതാനും ജീവനക്കാര്‍ മാത്രമല്ല, കേരളമൊന്നാകെ ഏറ്റെടുക്കേണ്ട, ഏറ്റെടുത്ത് വിജയിപ്പിക്കേണ്ട സമരമാണിത്.

അണിചേരുക.

ഐക്യമലയാള പ്രസ്ഥാനം



Tags:    

Similar News