എന്തുകൊണ്ടാണ് ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ ഉവൈസിയെ തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ചത്?
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ നേതൃത്വം നല്‍കുന്ന സഖ്യത്തിലേക്ക് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനെ (എഐഎംഐഎം) ക്ഷണിച്ചിരിക്കുകയാണ്. ചെന്നൈയില്‍ ജനുവരി ആറിനാണ് (എഐഎംഐഎം) അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയും ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനും തമ്മിലുള്ള കൂടിക്കാഴ്ച. അന്നേ ദിവസം നടക്കുന്ന ഡിഎംകെയുടെ കോണ്‍ഫറന്‍സിലും ഉവൈസി പങ്കെടുക്കും. ന്യൂനപക്ഷ കാര്യങ്ങള്‍ക്കുള്ള പാര്‍ട്ടി സെക്രട്ടറി ഡോ. ഡി മസ്താന്‍ ഹൈദരാബാദില്‍ എത്തിയാണ് ഉവൈസിയെ പരിപാടിക്കായി ക്ഷണിച്ചത്.
ഉവൈസിയെ ക്ഷണിച്ചുവരുത്തിയതില്‍ വിവിധ മുസ്‌ലിം പാര്‍ട്ടികള്‍ വലിയ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ലീഗിന് പുറമേ മുസ്‌ലിംകക്ഷിയായ മനിതനേയ മക്കള്‍ കക്ഷിയും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തിലെ ഘടകക്ഷികളായിരുന്നു മനിതനേയ മക്കള്‍ കക്ഷിയും മുസ്‌ലിം ലീഗും. തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് ഏതാനും സീറ്റുകളും ഡിഎംകെ നല്‍കിയിരുന്നു. മുസ്ലിം പാര്‍ട്ടികള്‍ക്ക് സ്വന്തം തട്ടകത്തേക്ക് മറ്റൊരു മുസ്ലിം കക്ഷി കടന്നുവരുന്നതിലെ എതിര്‍പ്പില്‍ വലിയ അദ്ഭുതമൊന്നുമില്ല. പക്ഷേ, ഡിഎംകെ ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയതില്‍ മറ്റ് കാരണങ്ങളാണ് ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യവും എഐഡിഎംകെ സഖ്യവും നേടിയ മുസ് ലിം വോട്ടിന്റെ ശതമാനത്തിലാണ് ഇതിന്റെ രഹസ്യംകിടക്കുന്നത്.
2011ലെ സെന്‍സസ് അനുസരിച്ച് 5.86 ശതമാനം മുസ്‌ലിംകളാണ് തമിഴ്‌നാട്ടിലുള്ളത്. അത് ഏകദേശം 42,29,479 വരും. ജനസംഖ്യയില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ്. കുറച്ച് ഷിയ വിഭാഗക്കാരുണ്ടെങ്കിലും തമിഴ് നാട്ടില്‍ ഭൂരിഭാഗവും സുന്നി വിഭാഗക്കാരാണ്. കേരളത്തെ അപേക്ഷിച്ച് ശതമാനക്കണക്കില്‍ വളരെ ചെറിയൊരു ജനസംഖ്യയാണ് അത്. എണ്ണത്തില്‍ തമിഴ്‌നാട്ടിന്റെ ഇരട്ടിയോളമേയുള്ളൂവെങ്കിലും (88,73,472) ശതമാനക്കണക്കില്‍ കേരളത്തിലെ വലിയൊരു ജനവിഭാഗമാണ് മുസ്‌ലിംകള്‍. കേരളത്തില്‍ മുസ്‌ലിംകള്‍ 26.56 ശതമാനമാണ്.
2016 തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയാണ് അധികാരത്തിലെത്തിയത്. ആകെയുള്ള 232 സീറ്റില്‍ 136 സീറ്റ് എഐഎഡിഎംകെയും 89 സീറ്റ് ഡിഎംകെയും നേടി. പക്ഷേ, സീറ്റുകള്‍ കുറവായിരുന്നെങ്കിലും ഡിഎംകെയും എഐഎഡിഎംകെയും തമ്മിലുള്ള വോട്ടിങ് ശതമാനത്തില്‍ വലിയ വ്യത്യാസമില്ലായിരുന്നു. രണ്ട് സഖ്യവും ഏകദേശം 41 ശതമാനം വോട്ട് നേടിയതായാണ് കണക്ക്. ചെറിയൊരു വ്യത്യാസത്തിലൂടെ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള സാധ്യതയാണ് ഇത് നല്‍കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്നെ എഐഎഡിഎംകെയില്‍ നിന്ന് വ്യത്യസ്തമായി ഡിഎംകെ വ്യത്യസ്ത മുസ്‌ലിം കക്ഷികളെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. മനിതനേയ മക്കള്‍ കക്ഷിയ്ക്ക് നാലും ലീഗിന് അഞ്ചും സീറ്റ് നല്‍കുകയും ചെയ്തു. മനിതനേയ മക്കല്‍ കച്ചി സീറ്റുകളൊന്നും നേടിയില്ല. ലീഗ് 1 സീറ്റ് നേടി.
കഴിഞ്ഞ തവണത്തെ വിവിധ കക്ഷികള്‍ക്ക് ലഭിച്ച മുസ് ലിം വോട്ടുകളുടെ ശതമാനം പരിശോധിച്ചാല്‍ ഡിഎംകെക്ക് 55ശതമാനവും എഐഎഡിഎംക്കെക്ക് 34 ശതമാനവുമാണ് ലഭിച്ചത്. ബിജെപിക്കു പോലും ഒരു ശതമാനം വോട്ട് ലഭിച്ചു. വിജയകാന്തിന്റെ ദേശീയ മുറുപോക്കു ദ്രാവിഡ കഴകം ആറ് ശതമാനം വോട്ട് നേടി. പാട്ടാളി മക്കള്‍ കക്ഷി, മറ്റുള്ളവര്‍ എന്നിവര്‍ക്ക് രണ്ട് ശതമാനം വീതം വോട്ട് ലഭിച്ചു.
അപ്പുറത്തേക്കുപോയ 45 ശതമാനം വോട്ട് കൂടെ ഇപ്പുറത്തേക്കെത്തിക്കുകയാണെങ്കില്‍ വലിയ വിജയസാധ്യതയുണ്ടാക്കുമെന്നായിരിക്കണം ഡിഎംകെ കണക്കുകൂട്ടുന്നത്. മുസ് ലിം വോട്ടുകള്‍ ഒരു ഭാഗത്ത് ഏകീകരിക്കുന്നതുമൂലം അവരുടെ വിലപേശല്‍ സാധ്യതയും വര്‍ധിക്കും. ഉവൈസിയെ പരീക്ഷിച്ച് ഈ ഏകീകരണമാണ് ഡിഎംകെ ലക്ഷ്യം വയ്ക്കുന്നത്. എഐഎഡിഎംകെയേക്കാള്‍ ഹിന്ദുത്വ ചായ്‌വ് കുറവാണെന്നത് ഡിഎംകെക്ക് അനുകൂല ഘടകവുമാണ്.