സാമൂഹിക ജനാധിപത്യമെന്ന മുദ്രാവാക്യം ചിലരെ അസ്വസ്ഥമാക്കുന്നു: ജോണ്‍സണ്‍ കണ്ടച്ചിറ
മണ്ണാര്‍ക്കാട്: സാമൂഹിക ജനാധിപത്യമെന്ന മുദ്രാവാക്യം ചിലരെ അസ്വസ്ഥമാക്കുന്നതായും അതുകൊണ്ടാണ് ഒറ്റയ്ക്കും കൂട്ടമായും എസ്ഡിപിഐയെ വേട്ടയാടുന്നതെന്നും സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. 'പാലക്കാട് ജില്ലയില്‍ എസ്ഡിപിഐയെ വേട്ടയാടുന്നത് എന്തുകൊണ്ട് ?' എന്ന പ്രമേയത്തില്‍ പാര്‍ട്ടി പാലക്കാട് ജില്ലാ കമ്മിറ്റി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 16 വരെ ജില്ലയില്‍ നടത്തുന്ന കാംപയിന്റെ ഭാഗമായി മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ നടന്ന വാഹന പ്രചരണ ജാഥയുടെ മണ്ഡലംതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടന നല്‍കുന്ന എല്ലാ അവകാശങ്ങളും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ലഭിക്കേണ്ടതുണ്ട്. ഭരണഘടന എത്രതന്നെ ഉന്നത മായാലും രാജ്യത്തെ ഫാഷിസ്റ്റ് ഭരണകര്‍ത്താക്കള്‍ ഇതിനെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണുള്ളത്. രാജ്യത്തെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ളവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. രാജ്യത്തെ സംഘപരിവാര ഭരണകൂടം അക്രമാസക്തമായ അവസ്ഥയിലാണ്. സാമൂഹിക നീതി നടപ്പാക്കണമെന്ന് പറഞ്ഞതുകൊണ്ടാണ് പാര്‍ട്ടിയെ വേട്ടയാടി ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നത്. സംഘപരിവാരവും പോലിസും എത്രയൊക്കെ വേട്ടയാടല്‍ തുടര്‍ന്നാലും മുട്ടുമടക്കി നില്‍ക്കാന്‍ എസ്ഡിപിഐക്കാവില്ല. സാമൂഹിക നീതിയ്ക്കായി എന്നും തെരുവില്‍തന്നെ നിവര്‍ന്നുനിന്ന് ശബ്ദിക്കാന്‍ എസ്ഡിപിഐ മുന്നിലുണ്ടാവും.
രാജ്യത്തെ മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളെ വിലയ്‌ക്കെടുക്കാവുന്ന പോലെ എസ്ഡിപിഐ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ വിലക്കെടുക്കാനാവില്ല. ജനാധിപത്യത്തെ ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈകീട്ട് നാലിന് പോലിസ് സ്‌റ്റേഷന്‍ പരിസരത്ത് നിന്നും നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും സ്ത്രീകളും കുട്ടികളുമടങ്ങിയവരുടെ പ്രതിഷേധറാലി കോടതിപ്പടിയില്‍ സമാപിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അലവി കെ ടി അഭിവാദ്യമര്‍പ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഷെമീര്‍ ചൊമ്മേരി, മണ്ഡലം സെക്രട്ടറി ഖാസിം കൊടക്കാട്, മണ്ഡലം ഖജാഞ്ചി ഷബീബ് സംസാരിച്ചു.