മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ വ്യാപക തട്ടിപ്പ്; കൊല്ലത്ത് മരിച്ചയാളുടെ പേരിലും പണം തട്ടി

Update: 2023-02-23 07:15 GMT

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് വ്യാപകമായി പണം തട്ടിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലത്ത് മരിച്ചയാളുടെ പേരിലും തട്ടിപ്പ് നടന്നതായി വിജിലന്‍സിന് സൂചന ലഭിച്ചു. ബുധനാഴ്ച നടന്ന റെയ്ഡിനിടെ ലഭിച്ച ഫയലില്‍നിന്ന് നമ്പറെടുത്ത് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വിളിച്ചപ്പോള്‍ അപേക്ഷകന്റെ ബന്ധുക്കളാണ് ഫോണെടുത്തത്. ഇതോടെ മരിച്ചയാളുടെ പേരിലാണ് പണം തട്ടിയതെന്ന് മനസ്സിലായി. മരിച്ചയാളുടെ പേരില്‍ പിന്നീട് അപേക്ഷ നല്‍കുകയായിരുന്നെന്നാണ് സൂചന. ഇയാളുടെ ബന്ധുക്കളില്‍നിന്ന് വിശദമായ മൊഴിയെടുക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് തട്ടിയെടുക്കുന്നതിനായി വ്യാപക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി. ഉദ്യോഗസ്ഥരും ഇടനിലക്കാരും ഡോക്ടര്‍മാരും അടക്കമുള്ളവര്‍ ഉള്‍പ്പെടുന്ന വന്‍ തട്ടിപ്പാണ് നടന്നത്. തട്ടിപ്പില്‍ സഹായം ലഭിച്ചവരുടെ കൂട്ടത്തില്‍ സമ്പന്നരായ വിദേശമലയാളികളുമുണ്ട്. ഇടനിലക്കാര്‍ വഴി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തില്‍.

കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം കവിയരുതെന്ന വ്യവസ്ഥ മറികടന്നാണ് എറണാകുളത്ത് സമ്പന്നരായ വിദേശ മലയാളിക്ക് ധനസഹായം നല്‍കിയത്. രണ്ട് ആഡംബര കാറുകളും വലിയ കെട്ടിടവുമുള്ള ആള്‍ക്ക് ചികിത്സാ സഹായമായി കിട്ടിയത് മൂന്നുലക്ഷം രൂപ. ഇദ്ദേഹത്തിന്റെ ഭാര്യ അമേരിക്കയില്‍ നഴ്‌സുമാണ്. മറ്റൊരു വിദേശമലയാളിക്ക് 45,000 രൂപയും അനുവദിച്ചു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ചികിത്സാച്ചെലവ് രേഖപ്പെടുത്താത്ത അപേക്ഷയിലും ധനസഹായം നല്‍കി.

മരിച്ചവരുടെ പേരിലും പോലും ചികില്‍സാ സഹായം തട്ടിയിട്ടുണ്ട്. കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് മരിച്ചവരുടെ പേരില്‍ ചികിത്സാ സഹായം തട്ടിയെടുത്തത്. കൈക്കൂലി വാങ്ങി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ഡോക്ടര്‍മാരും തട്ടിപ്പില്‍ ഒത്താശ ചെയ്യുന്നതായി കണ്ടെത്തി. ഇതിനായി പുനലൂരില്‍ ഒരു ഡോക്ടര്‍ നല്‍കിയത് 1,500 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളാണ്. ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കൊപ്പം നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മിക്കതും വ്യാജമാണ്. സൂക്ഷ്മപരിശോധനയില്ല.

കാസര്‍കോട് ഒരേ കൈയക്ഷരത്തിലുള്ള രണ്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ രണ്ട് ഡോക്ടര്‍മാരാണ് ഒപ്പിട്ടിട്ടുള്ളത്. ആധാര്‍, റേഷന്‍കാര്‍ഡ് പകര്‍പ്പ് നല്‍കാത്തവര്‍ക്കും അപേക്ഷയില്‍ ഒപ്പില്ലാത്തവര്‍ക്കും പണം കിട്ടി. മുണ്ടക്കയം സ്വദേശിക്ക് ഹൃദ്രോഗത്തിന് 2017ല്‍ കോട്ടയം കലക്ടറേറ്റ് 5000 രൂപയും 2019ല്‍ ഇടുക്കി കളക്ടറേറ്റ് 10,000രൂപയും അനുവദിച്ചു. ഇതേവ്യക്തിക്ക് കാന്‍സര്‍ ചികിത്സാ സഹായമായി കോട്ടയം കളക്ടറേറ്റ് 10,000 രൂപ 2020ല്‍ നല്‍കി. ഇയാള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കാഞ്ഞിരപ്പള്ളി ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധനാണ്.

കരുനാഗപ്പള്ളിയില്‍ ഒരു വീട്ടിലെ എല്ലാവര്‍ക്കും രണ്ട് ഘട്ടമായി ഒരു ഡോക്ടര്‍ നാല് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. പാലക്കാട്ട് ഹൃദ്രോഗത്തിന് അഞ്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആയുര്‍വേദ ഡോക്ടറാണ്. അഞ്ചുതെങ്ങില്‍ കരള്‍ രോഗിക്ക് ഹൃദ്രോഗ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പണം നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം നിര്‍ദേശം നല്‍കി. സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തും.

Tags:    

Similar News