'ഭർത്താവിനെ കൊല്ലുന്നവർക്ക് 50000 രൂപ'; വാട്ട്സ്ആപ്പ് സ്റ്റാറ്റസിൽ ഭാര്യയുടെ ക്വട്ടേഷൻ; പിന്നാലെ ഫോണിൽ ഭീഷണി

Update: 2024-04-01 13:44 GMT

ആഗ്ര: ഭര്‍ത്താവിനെ കൊല്ലാന്‍ വാട്ട്‌സ്ആപ്പിലൂടെ ക്വട്ടേഷന്‍ കൊടുത്ത ഭാര്യക്കെതിരെ കേസെടുത്ത് പോലിസ്. ആഗ്രയിലെ ബാഹ് ജില്ലയിലാണ് സംഭവം. ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നവര്‍ക്ക് അര ലക്ഷം രൂപ പ്രതിഫലം ലഭിക്കുമെന്ന യുവതിയുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിന് പിന്നാലെ ഭീഷണി ഫോണ്‍കോളുകളെത്തിയതോടെയാണ് ഭര്‍ത്താവ് സംഭവം അറിയുന്നത്. ഭാര്യയുടെ വാട്ട്സ്സ് ആപ്പ് സ്റ്റാറ്റസ് നോക്കിയ യുവാവ് ഞെട്ടി, പിന്നാലെ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

യുവതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും ബാഹ് പോലിസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ശ്യാം സിംഗ് പറഞ്ഞു. 2022 ജൂലൈ 9 ന് ആണ് മധ്യപ്രദേശിലെ ഭിന്ദിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള യുവതിയെ പരാതിക്കാരന്‍ വിവാഹം കഴിക്കുന്നത്.

വിവാഹം കഴിഞ്ഞ് അഞ്ച് മാസം കഴിഞ്ഞതോടെ ഇരുവരും തമ്മില്‍ വഴക്കിട്ട് പിരിഞ്ഞു. പിന്നീട് യുവതി ബഹിലെ ഭര്‍ത്താവിന്റെ വീട് വിട്ട് തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി. അന്നുമുതല്‍ യുവതി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം. തന്റെ അയല്‍വാസിയായ യുവാവുമായി ഭാര്യക്ക് അടുമുണ്ടായിരുന്നുവെന്നും ഇരുവരും തമ്മില്‍ അവിഹിത ബന്ധം പുലര്‍ത്തിയിരുന്നുമെന്നാണ് ഭര്‍ത്താവ് ആരോപിക്കുന്നത്. ഇതിനെ ചൊല്ലിയാണ് വഴക്ക് തുടങ്ങിയതെന്നും യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

അയല്‍വാസിയുമായുള്ള അടുപ്പം ചോദ്യം ചെയ്തതോടെയാണ് ഭാര്യയുമായി വഴക്കുണ്ടായതെന്നും ഭാര്യയുടെ കാമുകനും തന്നെ ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുമാണ് യുവാവ് പോലിസില്‍ നല്‍കിയ പരാതി. 2023 ഡിസംബര്‍ 21 ഭാര്യ തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ജീവനാംശം ആവശ്യപ്പെട്ട് പരാതിയും നല്‍കി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ക്വട്ടേഷന്‍ നല്‍കിയതെന്നും യുവാവ് ആരോപിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഭീഷണി കോളുകളടക്കം പരിശോദിച്ച് വരികയാണെന്നും പോലിസ് അറിയിച്ചു.

Tags:    

Similar News