വോയിസ് നോട്ടും ഇനി വാട്‌സ് ആപ്പ് സ്റ്റാറ്റസാക്കാം; പരിഷ്‌കാരത്തിനൊരുങ്ങി വാട്‌സ് ആപ്പ്

Update: 2022-07-15 13:46 GMT

വാട്‌സ് ആപ്പിന്റെ ഫീച്ചറുകളില്‍ ഏറെ ജനപ്രീതി നേടിയ ഒന്നാണ് സ്റ്റാറ്റസ് ഫീച്ചര്‍. ഇന്‍സ്റ്റഗ്രാം പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ കാണുന്ന സ്‌റ്റോറീസ് ഫീച്ചറിന്റെ പതിപ്പ് തന്നെയാണ് വാട്‌സ് ആപ്പ് സ്റ്റാറ്റസും. ചിത്രങ്ങള്‍, വീഡിയോകള്‍, ടെക്‌സ്റ്റ് എന്നിവയാണ് വാട്‌സ് ആപ്പ് സ്റ്റാറ്റസില്‍ അപ്‌ഡേറ്റ് ചെയ്തിരുന്നത്. എന്നാല്‍, വോയിസ് നോട്ടുകള്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമായിരുന്നില്ല. ഇതിനൊരു പരിഹാരം കാണിനൊരുങ്ങുകയാണ് ലോകത്തിലെ ഏറ്റവും ജനകീയമായ സന്ദേശ കൈമാറ്റ ആപ്പാണ് വാട്‌സ് ആപ്പ്.

പുതിയ അപ്‌ഡേഷനോടെ ശബ്ദസന്ദേശങ്ങളും വാട്‌സ് ആപ്പ് സ്റ്റാറ്റസാക്കാമെന്നാണ് വാട്‌സ് ആപ്പിനെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. വോയ്‌സ് നോട്ട് സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ അല്ലെങ്കില്‍ 'വോയ്‌സ് സ്റ്റാറ്റസ്', വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് വോയ്‌സ് നോട്ടുകള്‍ അയക്കുന്നതുപോലെ അതിവേഗം അപ്‌ഡേറ്റ് ചെയ്യാം. ഓഡിയോ നോട്ടുകള്‍ റെക്കോര്‍ഡുചെയ്യാനും അവരുടെ സ്റ്റാറ്റസ് ടാബില്‍ പങ്കിടാനും പുതിയ അപ്‌ഡേഷന്‍ വഴി സാധിക്കും.

ഗാനങ്ങളോ, മറ്റ് ശബ്ദശകലങ്ങളോ പങ്കുവയ്ക്കാന്‍ സാധിക്കുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. എന്നാല്‍, സ്വയം റെക്കോര്‍ഡ് ചെയ്ത ശബ്ദവും വാട്‌സ് ആപ്പ് കോണ്‍ടാക്ടിലുള്ളവരുമായി എളുപ്പത്തില്‍ പങ്കിടാന്‍ ഇതിലൂടെ സാധിക്കും. വാട്‌സ് ആപ്പ് ബീറ്റാ ഇന്‍ഫോയുടെ പുതിയ റിപോര്‍ട്ട് പ്രകാരം നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പരിഷ്‌കാരം അടുത്ത അപ്‌ഡേറ്റില്‍തന്നെ ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് വാടസ് ആപ്പ് ബീറ്റാ ഇന്‍ഫോ പുറത്തുവിട്ടിട്ടുണ്ട്. ഇതുപ്രകാരം നിങ്ങള്‍ പുതിയ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ ചേര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ബട്ടണ്‍ പോപ്പ് അപ്പ് ചെയ്യും. ഇത് പങ്കിടേണ്ട വോയ്‌സ് നോട്ട് റെക്കോര്‍ഡ് ചെയ്യാനും അനുവദിക്കും. നിങ്ങള്‍ വോയ്‌സ് റെക്കോര്‍ഡ് ചെയ്തുകഴിഞ്ഞാല്‍ സെന്റ് ബട്ടണില്‍ ടാപ്പുചെയ്യുക.

സുഹൃത്തുക്കളുടെ ചാറ്റ് വിന്‍ഡോയില്‍ ശബ്ദസന്ദേശങ്ങള്‍ അയക്കുന്ന അതേ രീതിയില്‍ തന്നെയാവും വോയിസ് സ്റ്റാറ്റസുകളുമിടാന്‍ സാധിക്കുക. മൈക്കിന്റെ ഐക്കണില്‍ പ്രസ് ചെയ്ത് നിങ്ങളുടെ ശബ്ദത്തില്‍തന്നെ സ്റ്റാറ്റസുകളിടാന്‍ പുതിയ അപ്‌ഡേറ്റോടെ സാധിക്കുമെന്നാണ് വിവരം. വോയ്‌സ് സ്റ്റാറ്റസ് അപ്‌ഡേറ്റുകളും നിങ്ങളുടെ സാധാരണ സ്റ്റാറ്റസ് അപ്‌ഡേറ്റുകളുടെ അതേ സ്വകാര്യതാ ക്രമീകരണം പിന്തുടരും. നിങ്ങളുടെ പതിവ് സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലേക്ക് ആക്‌സസ് ഇല്ലാത്തവര്‍ക്ക് നിങ്ങളുടെ വോയ്‌സ് അപ്‌ഡേറ്റുകളും ദൃശ്യമാവില്ലെന്നാണ് റിപോര്‍ട്ട് വ്യക്തമാക്കുന്നു.

Tags:    

Similar News