കര്‍ണാടകയില്‍ ഐഫോണ്‍ നിര്‍മാണ പ്ലാന്റ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ 132 പേരെ പോലിസ് അറസ്റ്റ് ചെയ്തു

Update: 2020-12-14 01:15 GMT

ബംഗളൂരു: കര്‍ണാടകയില്‍ വിസ്‌ട്രോണ്‍ കോര്‍പറേഷന്റെ നര്‍സാപുര പ്ലാന്റ് അടിച്ചുതകര്‍ത്ത കേസില്‍ 132 പേര്‍ അറസ്റ്റിലായി. ആയിരത്തിലധികം പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.

ആപ്പിള്‍ ഉള്‍പ്പെടെയുള്ള നിരവധി കമ്പനികള്‍ക്കായി സ്മാര്‍ട്ട്‌ഫോണുകളും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും നിര്‍മിക്കുന്ന തായ്‌വാന്‍ ആസ്ഥാനമായുള്ള വിസ്‌ട്രോണ്‍ കോര്‍പറേഷന്റെ നര്‍സാപുരയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റാണ് ജീവനക്കാര്‍ അടിച്ചു തകര്‍ത്തത്. മാസങ്ങളായി ശമ്പളം ലഭിക്കാത്തതില്‍ തൊഴിലാളികള്‍ അസംതൃപ്തരായിരുന്നുവെന്ന് കോലാര്‍ ജില്ലാ പോലിസ് പറഞ്ഞു. പ്ലാന്റിലെ വാഹനങ്ങള്‍ നശിപ്പിക്കപ്പെട്ട നിലയിലും തീവച്ച നിലയിലുമുള്ളതായി സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിലുണ്ട്.

ഏതാനും മാസങ്ങളായുള്ള ശമ്പള കുടിശ്ശിക തീര്‍ത്തുതരണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെടുകയും ഈ ആവശ്യമുന്നയിച്ച് ശനിയാഴ്ച എച്ച്ആര്‍ ഉദ്യോഗസ്ഥരെ കാണുകയും ചെയ്തിരുന്നു. പക്ഷേ, മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് അനുകൂല പ്രതികരണം ലഭിച്ചില്ല. തുടര്‍ന്നാണ് തൊഴിലാളികള്‍ അക്രമാസക്തരായത്.

ജീവനക്കാര്‍ ഓഫിസ് ആക്രമിക്കുകയും ഓഫിസ് പരിസരവും ഫര്‍ണിച്ചറുകളും നശിപ്പിക്കുകയും ചെയ്തുവെന്ന് കോലാര്‍ എസ്പി കാര്‍ത്തിക് റെഡ്ഡി പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്.

ബംഗളൂരുവില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് പ്ലാന്റ്. ഫര്‍ണിച്ചര്‍, കമ്പ്യൂട്ടര്‍, ഫാക്ടറി ഉപകരണങ്ങള്‍ എന്നിവ ജീവനക്കാര്‍ നശിപ്പിച്ചതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. കമ്പനിയുടെ രണ്ട് വാഹനങ്ങള്‍ക്ക് തീയിടാന്‍ ശ്രമിച്ച ജീവനക്കാര്‍ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റ് നാല് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയിട്ടുമുണ്ട്. പതിനായിരത്തോളം ജോലിക്കാര്‍ പ്ലാന്റില്‍ ജോലി ചെയ്യുന്നുണ്ട്. കോലാര്‍, ചിക്കബാലാപൂര്‍, ബംഗളൂരു ഗ്രാമ, നഗര ജില്ലകളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും.

Tags:    

Similar News