ഐഫോണിന്റെ മൂന്ന് പുതിയ മോഡലുകള്‍ ഇന്ന് പുറത്തിറക്കും; ആകാംക്ഷയോടെ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍

ഇന്ന് രാത്രി ഇന്ത്യന്‍ സമയം 10.30ന് കൂപ്പര്‍റ്റിനോയിലെ സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ആപ്പിള്‍ സിഇഒ ടിം കുക്ക് 2019ലെ ഐഫോണ്‍ മോഡലുകളും പുതിയ എയര്‍പോഡ്‌സ് ഉള്‍പ്പെടെയുള്ള ആപ്പിള്‍ ആക്‌സസറികളും പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Update: 2019-09-10 07:16 GMT

ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രഖ്യാപനത്തിന് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ ഒരുങ്ങി. ഇന്ന് രാത്രി ഇന്ത്യന്‍ സമയം 10.30ന് കൂപ്പര്‍റ്റിനോയിലെ സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ആപ്പിള്‍ സിഇഒ ടിം കുക്ക് 2019ലെ ഐഫോണ്‍ മോഡലുകളും പുതിയ എയര്‍പോഡ്‌സ് ഉള്‍പ്പെടെയുള്ള ആപ്പിള്‍ ആക്‌സസറികളും പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതാദ്യമായി പ്രഖ്യാപനച്ചടങ്ങ് ആപ്പിള്‍ യൂട്യൂബില്‍ ലൈവ് സ്ട്രീം ചെയ്യും. പുതിയ മോഡലുകളുടെ പേരുകള്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലം ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ് എന്നിവയാണ് ആപ്പിള്‍ പുറത്തിറക്കുക എന്നാണ് വിവരം.

ഐഫോണ്‍ എക്‌സ്എസ് മാക്‌സിന്റെ പിന്‍ഗാമിയായിരിക്കും ഐഫോണ്‍ 11 പ്രോ മാക്‌സ്. ട്രിപ്പിള്‍ ലെന്‍സ് റിയര്‍ കാമറ, കൂടുതല്‍ ശക്തമായ പ്രോസസറുകള്‍, വയര്‍ലസ് റിവേഴ്‌സ് ചാര്‍ജിങ് തുടങ്ങിയ പ്രത്യേതകള്‍ ഇതില്‍ ഉള്‍പ്പെടുത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

ഐഫോണ്‍ 11 പ്രോയ്ക്ക് സ്‌ക്രീനിന്റെ വലുപ്പത്തില്‍ മാത്രമായിരിക്കും ഐഫോണ്‍ 11 പ്രോ മാക്‌സുമായി വ്യത്യാസം എന്നാണ് സൂചന. ആപ്പിള്‍ ഐഫോണ്‍ 11 2018ല്‍ ഏറ്റവും വിറ്റപോയ ഐഫോണ്‍ മോഡലായ ഐഫോണ്‍ എക്‌സ്ആറിന്റെ പിന്‍ഗാമിയായിരിക്കും. ഇരട്ട കാമറയും എല്‍സിഡി ഡിസ്‌പ്ലേയും ഇതിന്റെ സവിശേഷതകളായിരിക്കും.

വാച്ച് സീരീസ് 4ന്റെ നവീകരിച്ച മോഡലുകളായി വാച്ച് സീരീസ് 5 പരിപാടിയില്‍ പുറത്തിറക്കിയേക്കും. ടൈറ്റാനിയം, സെറാമിക് കേസുകള്‍ വാച്ച് സീരീസ്് 5ന്റെ കൂടെ ലോഞ്ച് ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്. ആക്ടീവ് നോയിസ് കാന്‍സലേഷന്‍ സപ്പോര്‍ട്ട് ചെയ്യുന്ന എയര്‍പോഡിന്റെ പുതിയ മോഡലും ഇന്നത്തെ ചടങ്ങില്‍ വെളിച്ചം കാണുമെന്ന് ഊഹാപോഹമുണ്ട്.

16 ഇഞ്ച് വലുപ്പമുള്ള മാക്ബുക്ക് പ്രോ ഈ വര്‍ഷം പുറത്തിറങ്ങുമെന്ന്് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ടായിരുന്നു. അതും ഇന്നത്തെ ചടങ്ങില്‍ പുറത്തിറക്കിയേക്കും. 

Tags:    

Similar News