എക്‌സ് ഇസ്രായേല്‍ വിരുദ്ധമെന്ന്; ആപ്പിളും ഐബിഎമ്മും ഡിസ്‌നിയും ഉള്‍പ്പെടെ പരസ്യം പിന്‍വലിച്ചു

Update: 2023-11-18 06:27 GMT

വാഷിങ്ടണ്‍: ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശത്തിനെതിരേ ഇലോണ്‍ മസ്‌ക് പ്രതികരിച്ചതിനു പിന്നാലെ പ്രമുഖ സാമൂഹിക മാധ്യമമായ എക്‌സിനുള്ള പരസ്യങ്ങള്‍ വന്‍കിട കമ്പനികള്‍ പിന്‍വലിച്ചു. ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍, ഐടി ഭീമന്‍ ഐബിഎം, മാധ്യമ കമ്പനി ഡിസ്‌നി തുടങ്ങിയ വന്‍കിട കോര്‍പറേറ്റുകളാണ് പരസ്യങ്ങള്‍ പിന്‍വലിച്ചത്. എക്‌സ് ഇസ്രായേല്‍ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വന്‍കിട സിനിമ കമ്പനികളായ വാര്‍ണര്‍ ബ്രദേഴ്‌സ്, പാരാമൗണ്ട്, സോണി പിക്‌ചേഴ്‌സ്, എന്‍ബിസി യൂനിവേഴ്‌സല്‍ തുടങ്ങിയവയും പരസ്യങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. 'ജൂതന്‍മാര്‍ വെളുത്തവരെ വെറുക്കുന്നു?' എന്ന ട്വീറ്റിന് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക് 'അതല്ലേ യഥാര്‍ഥ്യമെന്ന്' പ്രതികരിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചതെന്നാണ് റിപോര്‍ട്ട്. മസ്‌കിന്റെ പ്രതികരണത്തിനെതിരേ വൈറ്റ് ഹൗസ് രംഗത്തെത്തിയതിനു പിന്നാലെയാണ് വന്‍കിട ഭീമന്‍മാര്‍ പരസ്യം പിന്‍വലിക്കുന്നതായി അറിയിച്ചത്. നേരത്തേ, അഡോള്‍ഫ് ഹിറ്റ്‌ലറിനേയും നാസികളേയും പ്രകീര്‍ത്തിക്കുന്ന പോസ്റ്റുകള്‍ക്കിടയില്‍ ആപ്പിളിന്റെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു.

    ലോകത്തിലെ അതിസമ്പന്നരിലൊരാളായ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററാണ് ഈയിടെ എക്‌സ് എന്ന് പുനര്‍നാമകരണം ചെയ്തത്. എക്‌സിന്റെ ഏറ്റവും വലിയ പരസ്യദാതാക്കളില്‍ ഒരാളാണ് ആപ്പിള്‍. പ്രതിവര്‍ഷം 100 മില്യണ്‍ ഡോളര്‍ വരെ പരസ്യത്തിനു ചെലവഴിക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍, വിദ്വേഷ ട്വീറ്റുകള്‍ക്ക് സമീപം തങ്ങളുടെ പരസ്യങ്ങള്‍ വരുന്നതില്‍ പ്രതിഷേധിച്ചാണ് ഐബിഎമ്മും എക്‌സിനുള്ള പരസ്യം പിന്‍വലിച്ചതെന്നാണ് വിശദീകരണം. അതിനിടെ, ആപ്പിള്‍ പരസ്യം പിന്‍വലിക്കുന്നുവെന്ന തീരുമാനം പുറത്ത് വന്നതിന് പിന്നാലെ ഇലോണ്‍ മസ്‌ക് മലക്കം മറിഞ്ഞു. ഫലസ്തീന്‍ അനുകൂല പോസ്റ്റുകള്‍ക്കെതിരേ രംഗത്തെത്തിയ അദ്ദേഹം ഫലസ്തീനികള്‍ ഉപയോഗിക്കുന്ന നദിയില്‍ നിന്ന് കടലിലേക്ക്, അപകോളനിവല്‍ക്കരണം തുടങ്ങിയ പ്രയോഗങ്ങള്‍ വംശഹത്യയെ സൂചിപ്പിക്കുന്നതായി മസ്‌ക് കുറിച്ചു. ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്ന എക്‌സ് അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യുമെന്നും അദ്ദേഹം എക്‌സിലൂടെ മുന്നറിയിപ്പ് നല്‍കി. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഏതറ്റം വരെയും പോവുമെന്ന് നേരത്തേ വീമ്പിളക്കിയ മസ്‌ക് ഇപ്പോള്‍ മലക്കംമറിഞ്ഞതിനെതിരേ പലരും രംഗത്തെത്തിയിട്ടുണ്ട്.

Tags:    

Similar News