അധികൃതര്‍ 'ഭീഷണിപ്പെടുത്തി'; ചൈനയില്‍ ഖുര്‍ആന്‍ ആപ്പ് നീക്കം ചെയ്ത് ആപ്പിള്‍
ആപ്പിളിന്റെ ആപ്പ് സ്‌റ്റോറിലെ ആപ്പുകള്‍ നിരീക്ഷിക്കുന്ന ആപ്പിള്‍ സെന്‍സര്‍ഷിപ്പ് എന്ന വെബ്‌സൈറ്റാണ് ആപ്പ് നീക്കം ചെയ്ത കാര്യം ആദ്യം ശ്രദ്ധിച്ചത്.
ബെയ്ജിങ്: അധികൃതരുടെ ആഭ്യര്‍ഥന മാനിച്ച് ലോക പ്രശസ്തമായ ഖുറാന്‍ ആപ്പുകളില്‍ ഒന്ന് ചൈനയില്‍ ആപ്പിളിന്റെ ആപ്പ് സ്‌റ്റോറില്‍ നിന്ന് നീക്കി. ലോകമെമ്പാടുമുള്ള ജനലക്ഷങ്ങള്‍ ഉപയോഗിക്കുന്ന ഖുറാന്‍ മജീദ് ആപ്പ് സ്‌റ്റോറില്‍ ലഭ്യമായിരുന്നു. 'നിയമവിരുദ്ധമായി മത ഗ്രന്ഥങ്ങള്‍' ഹോസ്റ്റിങ് നടത്തിയതിനാണ് ആപ്പ് നീക്കം ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, സംഭവത്തില്‍ ഇതുവരെ ചൈന പ്രതികരിച്ചിട്ടില്ല. ആപ്പിളിന്റെ ആപ്പ് സ്‌റ്റോറിലെ ആപ്പുകള്‍ നിരീക്ഷിക്കുന്ന ആപ്പിള്‍ സെന്‍സര്‍ഷിപ്പ് എന്ന വെബ്‌സൈറ്റാണ് ആപ്പ് നീക്കം ചെയ്ത കാര്യം ആദ്യം ശ്രദ്ധിച്ചത്.
ഇസ്‌ലാമിനെ ചൈന രാജ്യത്തെ ഔദ്യോഗിക മതങ്ങളിലൊന്നായി അംഗീകരിച്ചിട്ടുണ്ടെങ്കിലും സിന്‍ജിയാങിലെ വൈഗൂര്‍ മുസ്‌ലിംകള്‍ക്കെതിരേ ചൈനീസ് ഭരണകൂടം വംശഹത്യാ അതിക്രമങ്ങള്‍ നടത്തുന്നതായി യുഎന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആരോപിച്ചിരുന്നു.
'ആപ്പിളിന്റെ അഭിപ്രായത്തില്‍, ചൈനീസ് അധികാരികളില്‍ നിന്ന് അധിക ഡോക്യുമെന്റേഷന്‍ ആവശ്യമായ ഉള്ളടക്കം ഉള്‍പ്പെടുന്നതിനാല്‍ ഞങ്ങളുടെ ആപ്പ് ഖുറാന്‍ മജീദ് ചൈന ആപ്പ് സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ചൈനയിലെ സൈബര്‍സ്‌പേസ് അഡ്മിനിസ്‌ട്രേഷനുമായും ബന്ധപ്പെട്ട ചൈനീസ് അധികാരികളുമായും ബന്ധപ്പെടാന്‍ തങ്ങള്‍ ശ്രമിക്കുന്നു'-ആപ്പിന്റെ നിര്‍മ്മാതാക്കളായ പിഡിഎംഎസ് പ്രസ്താവനയില്‍ പറഞ്ഞു. ഖുറാന്‍ മജീദ് ആപ്പിന് ചൈനയില്‍ ഏകദേശം പത്തുലക്ഷത്തോളം ഉപയോക്താക്കളുണ്ടെന്ന് കമ്പനി അറിയിച്ചു.
അതേസമയം ഈ വിഷയത്തോട് പ്രതികരിക്കാന്‍ ആപ്പിള്‍ വിസമ്മതിച്ചു. 'തങ്ങള്‍ക്ക് പ്രാദേശിക നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്, ചില സമയങ്ങളില്‍ തങ്ങള്‍ സര്‍ക്കാരുമായി വിയോജിച്ചേക്കാവുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്' ആപ്പിള്‍ വക്താവ് പറഞ്ഞു. എന്നിരുന്നാലും, ചൈനയില്‍ ആപ്പ് എന്ത് നിയമങ്ങളാണ് ലംഘിച്ചതെന്ന് വ്യക്തമല്ല.കഴിഞ്ഞ മാസം, തടവിലാക്കപ്പെട്ട റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി തയ്യാറാക്കിയ വോട്ടിംഗ് ആപ്പ് ആപ്പിളും ഗൂഗിളും നീക്കം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ആപ്പ് ഉപേക്ഷിക്കാന്‍ വിസമ്മതിച്ചാല്‍ രണ്ട് കമ്പനികള്‍ക്കും പിഴ ചുമത്തുമെന്ന് റഷ്യന്‍ അധികാരികള്‍ ഭീഷണിപ്പെടുത്തിയിരുന്നു, ഈ ആപ്പ് ഭരണകക്ഷി സ്ഥാനാര്‍ത്ഥികളെ താഴ്ത്തിക്കെട്ടാനുള്ള നീക്കമാണെന്നായിരുന്നു റഷ്യന്‍ സര്‍ക്കാരിന്റെ ആക്ഷേപം.
ആപ്പിളിന്റെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ചൈന, കമ്പനിയുടെ വിതരണ ശൃംഖല ചൈനീസ് നിര്‍മ്മാണത്തെ വളരെയധികം ആശ്രയിക്കുന്നു. ആപ്പിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്ക് അമേരിക്കന്‍ രാഷ്ട്രീയ നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ടെങ്കിലും ചൈനയെക്കുറിച്ച് നിശബ്ദത പാലിക്കുകയാണ് ചെയ്തിട്ടുള്ളത്.